നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്, ഒപ്പം തിലക് വര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ മികച്ച റെക്കോഡുകളും ടീമിന് പ്രതീക്ഷ നല്‍കുന്നു.

അഹമ്മദാബാദ്: 2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമെന്നോണം, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാളെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഈ ഹൈ-വോള്‍ട്ടേജ് പോരാട്ടത്തിന് വേദിയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്എ എന്നീ ടീമുകളെ തകര്‍ത്ത് അപരാജിതരായാണ് ഇന്ത്യ വരുന്നത്. മറുവശത്ത് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ എന്നിവരെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും കരുത്ത് തെളിയിച്ചു കഴിഞ്ഞു.

ഇതുവരെ 35 ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം ഇന്ത്യ 21 മത്സരങ്ങള്‍ ജയിച്ചു. ദക്ഷിണാഫ്രിക്ക ജയിച്ചത് 13 മത്സരങ്ങളില്‍. ഒരു മത്സരം ടൈ ആയി അവസാനിച്ചു.. 2007 ലോകകപ്പിലെ നിര്‍ണായക വിജയം, 2014 സെമി ഫൈനലിലെ വിരാട് കോലിയുടെ മാസ്മരിക പ്രകടനം (72*), ഒടുവില്‍ 2024 ഫൈനലിലെ ആവേശകരമായ വിജയം എന്നിവ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടങ്ങളിലെ സവിശേഷ നിമിഷങ്ങളാണ്. ലോകകപ്പില്‍ ഇരുവരും ഏഴ് തവണ നേര്‍ക്കുനേര്‍ വന്നു. അതില്‍ അഞ്ച് തവണയും ഇന്ത്യയാണ് ജയിച്ചത്. രണ്ട് ജയം ദക്ഷിണാഫ്രിക്കയ്ക്ക്.

കരുത്തുകാട്ടാന്‍ തിലകും വരുണും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരങ്ങളാണ് ഇന്ത്യന്‍ നിരയിലുള്ളത്. മൂന്നാം നമ്പറില്‍ ഇറങ്ങുന്ന തിലക് വര്‍മയാണ് ദക്ഷിണാഫ്രിക്കയുടെ പേടിസ്വപ്നം. 10 ഇന്നിംഗ്സുകളില്‍ നിന്ന് 70.85 ശരാശരിയില്‍ 496 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതില്‍ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ബൗളിംഗില്‍ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് മുന്നില്‍. എട്ട് മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നാളത്തെ മത്സരത്തിലും വരുണിന്റെ സ്‌പെല്‍ നിര്‍ണ്ണായകമാകും.

കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍

2025ല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 30 റണ്‍സിന് ഇന്ത്യ വിജയിച്ചു. ഇന്ത്യ: 231/5 (തിലക് വര്‍മ്മ 73, ഹാര്‍ദിക് പാണ്ഡ്യ 63). ദക്ഷിണാഫ്രിക്ക: 201/8 (ക്വിന്റണ്‍ ഡി കോക്ക് 65, വരുണ്‍ ചക്രവര്‍ത്തി 4 വിക്കറ്റ്, ജസ്പ്രീത് ബുമ്ര 2 വിക്കറ്റ്.

YouTube video player