കപിലിന്റെ ചെകുത്താന്‍മാര്‍ ലോകനെറുകയില്‍ എത്തിയിട്ട് ഇന്ന് 33 വര്‍ഷമായി

By Sports DeskFirst Published Jun 25, 2016, 4:17 AM IST
Highlights

ക്രിക്കറ്റിലെ ഗോലിയാത്തുമാരായിരുന്ന വെസ്റ്റിന്‍ഡീസിനെ ഇന്ത്യയെന്ന ദാവീദ് വീഴ്ത്തി ലോക കിരീടം സ്വന്തമാക്കിയത് ഇന്നേക്ക് 33 വര്‍ഷം മുമ്പാണ്. കോപ്പ അമേരിക്കയില്‍ പനാമയ്‌ക്ക് കല്‍പിച്ചിരുന്ന സാധ്യത പോലും അന്ന് കപിലിനും കൂട്ടര്‍ക്കും ആരും നല്‍കിയില്ല. എന്നാല്‍ കപിലിന്റെ സംഘം അടിച്ചു തകര്‍ത്തപ്പോള്‍ ചരിത്രവും വര്‍ത്തമാനവും ഇന്ത്യക്ക് മുന്നില്‍ വഴിമാറി. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ചെങ്കിലും പിന്നെ നിറം മങ്ങിയ ഇന്ത്യക്ക് കരുത്തായത് സിംബാബ്‌വെയ്ക്കെതിരെ കപിലിന്റെ 175 രണ്‍സിന്റെ മികവില്‍ നേടിയ അവിശ്വസനീയ ജയം. സെമിയില്‍ ഇംഗ്ലണ്ടിന തോല്‍പിച്ച ഇന്ത്യക്ക് കലാശപ്പോരാട്ടത്തില്‍ന നേരിടാനുണ്ടായിരുന്നത് ക്ലൈവ് ലോയിഡിന്റെ വെസ്റ്റ് ഇന്‍ഡീസിനെ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സിന് പുറത്തായപ്പോള്‍ വിന്‍ഡീസ് അനായാസ ജയം സ്വപ്നം കണ്ടു. പക്ഷെ ഇന്ത്യയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ഒടുവില്‍ ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ക്ക് അടിതെറ്റി. കപിലിന്റെ തകര്‍പ്പന്ഡ ക്യാച്ചില്‍ റിച്ചാര്‍ഡ്‌സ് പുറത്ത്. അമ്പത്തിരണ്ടാം ഓവറിലെ അവസാന പന്തില്‍ ഹോള്‍ഡിങ് പുറത്തായപ്പോള്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തി. ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍, ലോകകപ്പുമേന്തി തലയുയര്‍ത്തി നില്‍ക്കുന്ന കപില്‍ദേവ്. താഴെ മൈതാനത്ത് ഇന്ത്യന്‍ പതാകയുമേന്തി നൃത്തംവയ്ക്കുന്ന ആയിരങ്ങള്‍. പിന്നീടൊരിക്കലും ഇന്ത്യന്‍ ക്രിക്കറ്റ് പഴയപടിയായില്ല. സച്ചിനും ദ്രാവിഡും കുംബ്ലെയുമടക്കമുള്ളവര്‍ ചേര്‍ന്ന് നമ്മളെ ക്രിക്കറ്റിലെ വന്‍ശക്തികളിലൊന്നാക്കി. എല്ലാത്തിന്റെയും തുടക്കം ലോര്‍ഡ്‌സിലെ ഈ ചരിത്ര ദിനമായിരുന്നു.

click me!