പ്ലേ ഓഫ് ബര്‍ത്തിനായി പൊരിഞ്ഞ പോരാട്ടം; ടീമുകളും സാധ്യതകളും ഇങ്ങനെ

സി.ഗോപാലകൃഷ്ണന്‍ |  
Published : May 16, 2018, 02:36 PM ISTUpdated : Jun 29, 2018, 04:28 PM IST
പ്ലേ ഓഫ് ബര്‍ത്തിനായി പൊരിഞ്ഞ പോരാട്ടം; ടീമുകളും സാധ്യതകളും ഇങ്ങനെ

Synopsis

ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു ടീമുകള്‍ തമ്മിലാണ് പോരാട്ടം.

മുംബൈ: ഐപിഎല്ലില്‍ അവശേഷിക്കുന്ന രണ്ട് പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്കായി അഞ്ച് ടീമുകള്‍ തമ്മില്‍ നടക്കുന്നത് പൊരിഞ്ഞ പോരാട്ടം. 18 പോയന്റുമായി സണ്‍റൈസേഴ്സ് ഹൈദരാബാദും 16 പോയന്റുമായി ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് പ്ലേ ഓഫ് ഉറപ്പിച്ച രണ്ട് ടീമുകള്‍. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു ടീമുകള്‍ തമ്മിലാണ് പോരാട്ടം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പ്ലേ ഓഫിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത 14 പോയന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. ഒരു കളി മാത്രമാണ് കൊല്‍ക്കത്തക്ക് ഇനി അവേശഷിക്കുന്നത്. 13 കളികളില്‍ 14 പോയന്റുള്ള കൊല്‍ക്കത്തക്ക് അവസാന കളി ജയിച്ചാല്‍ കൂട്ടലും കിഴിക്കലുമില്ലാതെ അനായാസം പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാം. എന്നാല്‍ സണ്‍റൈസേഴ്സിനെതിരായ അവസാന മത്സരം തോറ്റാല്‍ കൊല്‍ക്കത്തയുടെ കാര്യം പരുങ്ങലിലാവും. കാരണം നെറ്റ് റണ്‍റേറ്റില്‍ (-0.091) മറ്റു ടീമുകളെ അപേക്ഷിച്ച് ഏറെ പുറകിലാണ് കൊല്‍ക്കത്തയിപ്പോള്‍. കൊല്‍ക്കത്ത സണ്‍റൈസേഴ്സിനോട് തോല്‍ക്കുകയും രാജസ്ഥാനും പഞ്ചാബും ശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റ് കൊല്‍ക്കത്തയെ വലക്കും. മുംബൈക്കെതിരെ കനത്ത തോല്‍വി വഴങ്ങിയതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയായത്. പഞ്ചാബ് ജയിക്കുകയും രാജസ്ഥാനും മുംബൈയും ബംഗലൂരുവു തോല്‍ക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റ് നോക്കാതെ തന്നെ കൊല്‍ക്കത്തക്ക് പ്ലേ ഓഫിലെത്താം. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത തോല്‍ക്കുകയും മുംബൈയും ബംഗലൂരുവും അവസാന രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താല്‍ കൊല്‍ക്കത്ത പുറത്താകും

രാജസ്ഥാന്‍ റോയല്‍സ്

കൊല്‍ക്കത്തയില്‍ നിന്ന് വ്യത്യസ്തമാണ് രാജസ്ഥാന്റെ കാര്യം. അവസാന മത്സരം ജയിച്ചാലും മറ്റ് ടീമുകളുടെ ഫലം കൂടി ആശ്രയിച്ചെ മുന്നേറാനാവു. ഇന്നലെ കൊല്‍ക്കത്തയോട് തോറ്റതാണ് രാജസ്ഥാന് തിരിച്ചടിയായത്. 13 കളികളില്‍ ആറ് ജയവും ആറ് തോല്‍വിയുമായി 12 പോയന്റാണ് രാജസ്ഥാന്റെ സമ്പാദ്യം. നെറ്റ് റണ്‍റേറ്റിലും(-0.403) ഏറെ പുറകിലാണ് രാജസ്ഥാനിപ്പോള്‍. ബംഗലൂരുവിനെതിരെ ഒരു മത്സരം മാത്രമാണ് ഇനി അവര്‍ക്ക് ബാക്കിയുള്ളത്. അതില്‍ ജയിച്ചാല്‍ മാത്രമെ പ്ലേ ഓഫിലെത്താനുള്ള പ്രതീക്ഷയെങ്കിലും നിലനിര്‍ത്താന്‍ രാജസ്ഥാന് കഴിയുള്ളു. അവസാന മത്സരത്തില്‍ ജോസ് ബട്‌ലര്‍ ഇല്ലെന്നതും രാജസ്ഥാന് വലിയ തിരിച്ചടിയാണ്. കൊല്‍ക്കത്ത അവസാന മത്സരം ജയിക്കുകയും പഞ്ചാബ് ചെന്നൈയെയും തോല്‍പ്പിക്കുകയും ചെയ്താല്‍ രാജസ്ഥാന് അവസാന മത്സരം ജയിച്ചാലും പ്രതീക്ഷയ്ക്ക് വകയില്ല.

കിംഗ്സ് ഇലവന്‍ പഞ്ചാബ്

കൊല്‍ക്കത്ത കഴിഞ്ഞാല്‍ പ്ലേ ഓഫിലെത്താന്‍ കൂടുതല്‍ സാധ്യതയുള്ള മറ്റൊരു ടീം പഞ്ചാബാണ്. അവശേഷിക്കുന്ന രണ്ട് കളികളും ജയിച്ചാല്‍ പഞ്ചാബിന് കണക്കിലെ കളിയില്ലാതെ തന്നെ പ്ലേ ഓഫിലെത്താം. രണ്ട് കളികളില്‍ ഒന്ന് പ്ലേ ഓഫിലെത്താന്‍ വിദൂര സാധ്യതയുള്ള മുംബൈക്കെതിരെ ആണ്. രണ്ടാമത്തെ മത്സരമാകട്ടെ പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈക്കെതിരെയും. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് ചുരുക്കം. ആദ്യഘട്ടത്തില്‍ ആറ് കളികള്‍ ജയിച്ച പഞ്ചാബ് രണ്ടാംഘട്ടത്തില്‍ കളിച്ച ആറില്‍ അഞ്ച് കളിയും തോറ്റു. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്ന് ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് വീണ്ടും കാര്യങ്ങള്‍ തീരുമാനിക്കും. അങ്ങനെവന്നാല്‍ ബംഗലൂരുവിനെതിരെ വഴങ്ങിയ കനത്ത തോല്‍വി അവര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കും.

മുംബൈ ഇന്ത്യന്‍സ്

മുംബൈക്ക് കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമാണ്. അവശേഷിക്കുന്ന രണ്ട് കളികള്‍ ജയിക്കണം. അതിലൊന്ന് ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആണ്. ഇന്ന് തോറ്റാല്‍ പിന്നെ ഡല്‍ഹിയുമായുള്ള അവസാന മത്സരം അപ്രസക്തമാവും. രണ്ട് കളികളും ജയിക്കുകയും കൊല്‍ക്കത്തയും രാജസ്ഥാനും അവസാന മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്താല്‍ മികച്ച നെറ്റ് റണ്‍ റേറ്റുള്ള മുംബൈക്ക് പ്ലേ ഓഫിലെത്താനുള്ള സാധ്യത ഇപ്പോഴും അവശേഷിക്കുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു

കാര്യങ്ങള്‍ കൈവിട്ടെങ്കിലും ബംഗലൂരുവിനും കടലാസില്‍ പ്ലേ ഓഫ് പ്രതീക്ഷക്ക് വകയുണ്ട്. എന്നാല്‍ അതിന് മറ്റ് മത്സരഫലങ്ങളെ കൂടി ആശ്രയിക്കണമെന്ന് മാത്രം. അവസാന മത്സരങ്ങളില്‍ പഞ്ചാബും കൊല്‍ക്കത്തയും ജയിച്ചാല്‍ പിന്നെ കണക്കുകൂട്ടിയിരുന്നിട്ട് കാര്യമില്ല. അവസാന രണ്ട് മത്സരങ്ങള്‍ ബംഗലൂരു ജയിച്ചാല്‍ ബംഗലൂരുവിന് 14 പോയന്റാവും. മൂന്ന് ടീമുകള്‍ 14 പോയന്റ് വീതം നേടിയാല്‍‍ മികച്ച റണ്‍റേറ്റ് ബംഗലൂരുവിന്റെ രക്ഷക്കെത്തും. അതിന് അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് മാത്രം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആവേശപ്പോരില്‍ പഞ്ചാബ് വീണു, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്, പ്ലേ ഓഫ് പോരാട്ടം കനക്കുന്നു
മുംബൈയെ വീഴ്ത്തിയതിന് പിന്നാലെ ചെന്നൈക്ക് കനത്ത തിരിച്ചടി, അരങ്ങേറ്റത്തിന് പിന്നാലെ യുവതാരം പരിക്കേറ്റ് പുറത്ത്