164 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഗുജറാത്ത് ഒരു പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി.
അഹമ്മദാബാദ്: ഐപിഎല്ലില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് പഞ്ചാബിനെ നാലു വിക്കറ്റിന് വീഴ്ത്തിയത്. 164 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഗുജറാത്ത് ഒരു പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി. സായ് സുദര്‍ശന്‍റെ അര്‍ധസെഞ്ചുറിക്കുശേഷം ഗുജറാത്ത് മധ്യനിര പതറിയപ്പോള്‍ 23 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറിന്‍റെ പോരാട്ടമാണ് ഗുജറാത്തിനെ വിജയവര കടത്തിയത്.
5 പന്തില്‍ 8 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അര്‍ഷാദ് ഖാനും ഗുജറാത്ത് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗുജറാത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയവും പഞ്ചാബിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. തോറ്റെങ്കിലും പഞ്ചാബ് 13 പോയന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 12 പോയന്‍റുള്ള ഗുജറാത്ത് അഞ്ചാമതാണ്. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 163-9, ഗുജറാത്ത് ടൈറ്റൻസ് 19.5 ഓവറില്‍ 167-6.
മാര്‍ക്കസ് സ്റ്റോയ്നിസ് എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായപ്പോള്‍ യോര്‍ക്കറായിരുന്ന അടുത്ത പന്തില്‍ അര്‍ഷാദ് ഖാന്‍ ബൗണ്ടറി നേടി. രണ്ടാം പന്തില്‍ അര്‍ഷാദ് ഖാന്‍ 2 റണ്‍സെടുത്ത് ലക്ഷ്യം 4 പന്തില്‍ നാലാക്കി കുറച്ചു. അടുത്ത പന്തില്‍ അര്‍ഷാദിന് റണ്ണെടുക്കാനായില്ല. നാലാം പന്തില്‍ ലെഗ് ബൈയിലൂടെ ഒരു റണ്‍സ് നേടിയ അര്‍ഷാദ് ഖാന്‍ വാഷിംഗ്ടണ്‍ സുന്ദറിന് സ്ട്രൈക്ക് നല്‍കി. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 3 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനായി അഞ്ചാം പന്ത് സിക്സിന് പറത്തി സുന്ദര്‍ വിജയം അടിച്ചെടുത്തു.
നേരത്തെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ(5) തുടക്കത്തിലെ നഷ്ടമായെങ്കിലും ജോസ് ബട്‌ലറും(26) സായ് സുദര്‍ശനും(41 പന്തില്‍ 57) നടത്തിയ പോരാട്ടമാണ് ഗുജറാത്തിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ബട്‌ലര്‍ പുറത്തായശേഷം നിഷാന്ത് സന്ധു(11 പന്തില്‍ 15), രാഹുല്‍ തെവാത്തിയ(2), ജേസണ്‍ ഹോൾഡര്‍(5) എന്നിവരെ കൂടി നഷ്ടമായതോടെ തോല്‍വി മുന്നില്‍ക്കണ്ടെങ്കിലും സുന്ദറിന്‍റെ പോരാട്ടം ഗുജറാത്തിന് വിജയം സമ്മാനിച്ചു.
നേരത്തെ അഹമ്മദാബാദില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 പന്തില്‍ 57 റണ്‍സെടുത്ത സൂര്യാന്‍ഷ് ഷെഡ്ജെ ആണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. മാര്‍ക്കസ് സ്റ്റോയ്നിസ് 31 പന്തില്‍ 40 റണ്‍സടിച്ചപ്പോള്‍ മാര്‍ക്കോ യാന്‍സന്‍ 11 പന്തില്‍ 20 റണ്‍സെടുത്ത് പഞ്ചാബിനെ 150 കടത്തി. ഗുജറാത്തിനായി ജേസണ്‍ ഹോള്‍ഡര്‍ 24 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ് 28 റണ്‍സിനും കാഗിസോ റബാഡ 22 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



