ഒടുവില്‍ ധോണിയ്ക്ക് വിജയമധുരം

By Web DeskFirst Published May 5, 2016, 6:07 PM IST
Highlights

ദില്ലി:തുടര്‍ച്ചയായ തോല്‍വികള്‍ക്കുശേഷം ധോണിയുടെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് ഐപിഎല്ലില്‍ മൂന്നാം ജയം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഏഴു വിക്കറ്റിന് തകര്‍ത്താണ് പൂനെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ പൂനെ മറികടന്നു. വിജയപ്രതീക്ഷയിലായിരുന്ന ഡല്‍ഹി പതിനേഴാം ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷാമി 20 റണ്‍സ് വഴങ്ങിയതോടെയാണ് കളി കൈവിട്ടത്.

സ്കോര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ 162/7, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് 19.1 ഓവറില്‍ 166/3.

48 പന്തില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്ന അജിങ്ക്യ രഹാനെ പൂനെയുടെ വിജയത്തില്‍ അമരക്കാരനായപ്പോള്‍ ഉസ്മാന്‍ ഖവാജ(30), സൗരഭ് തിവാരി(21), ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി(27)എന്നിവരും പൂനെയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. 3.1 ഓവറില്‍ 50 റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷാമിയുടെ പ്രകടനവും ഫീല്‍ഡിംഗിലെ പിഴവുകളും ഡല്‍ഹിയുടെ തോല്‍വിയില്‍ നിര്‍ണായകമായി. നേരത്തെ ബാറ്റ്സ്മാന്‍മാര്‍ക്കെല്ലാം മികച്ച തുടക്കം കിട്ടിയിട്ടും വലിയ സ്കോര്‍ നേടാനാവാതെ പോയതാണ് വലിയ സ്കോര്‍ നേടുന്നതില്‍ ഡല്‍ഹിയ്ക്ക് വിനയായത്.

സഹീറിന്റെ അഭാവത്തില്‍ ഡൂമിനിയാണ് ഡല്‍ഹിയെ നയിച്ചത്. റിഷബ് പന്തിനെ(2) തുടക്കത്തിലെ നഷ്ടമായെങ്കിലും സഞ്ജു സാംസണ്‍(20), കരുണ്‍ നായര്‍(32), ജെ പി ഡൂമിനി(34), ബില്ലിംഗ്സ്(24), ബ്രാത്ത്‌വെയ്റ്റ്(20) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഡല്‍ഹിയെ 150 കടത്തിയത്. അവസാന ഓവറില്‍ ആഞ്ഞടിച്ച പവന്‍ നേഗി 12 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.

 

click me!