അവസാന പന്തില്‍ ഭുവിക്ക് വിക്കറ്റ്; സണ്‍റൈസേഴ്സിന് ത്രസിപ്പിക്കുന്ന ജയം

Web Desk |  
Published : May 07, 2018, 11:26 PM ISTUpdated : Jun 08, 2018, 05:46 PM IST
അവസാന പന്തില്‍ ഭുവിക്ക് വിക്കറ്റ്; സണ്‍റൈസേഴ്സിന് ത്രസിപ്പിക്കുന്ന ജയം

Synopsis

സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് റണ്‍സിന്‍റെ വിജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. സണ്‍റൈസേഴ്സ് മുന്നോട്ടുവെച്ച 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാംഗ്ലൂരിന് ജയിക്കാന്‍ അവസാന പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കേ ഗ്രാന്‍ന്തോമിനെ ബൗള്‍ഡാക്കി ഭുവി സണ്‍റൈസേഴിന് എട്ടാം ജയം സമ്മാനിക്കുകയായിരുന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ 146 റണ്‍സിന് പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ കെയ്ന്‍ വില്യംസണാണ് സണ്‍റൈസേഴ്സിന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദുകാരനായ പേസര്‍ മുഹമ്മദ് സിറാജിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഹോം ടീമിനെ തളച്ചത്. സൗത്തിയും സിറാജും മൂന്ന് വിക്കറ്റ് വീതം പിഴുതു. 

ഓപ്പണര്‍മാരായ ഹെയ്‌ല്‍സും(5) ധവാനും(13) തുടക്കത്തിലെ പുറത്തായി. 48-3 എന്ന നിലയില്‍ തകര്‍ന്ന സണ്‍റൈസേഴ്സിനെ വില്യംസണ്‍ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. 39 പന്തില്‍ 56 റണ്‍സ് നേടി വില്യംസണ്‍ പുറത്തായ ശേഷം, 32 പന്തില്‍ 35 റണ്‍സെടുത്ത ഷാക്കിബ് മാത്രമാണ് തിളങ്ങിയത്. യൂസഫ് പഠാന്‍റ(12), മനീഷ് പാണ്ഡെ(5), സാഹ(8) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ഉമേഷും ചഹലും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ തുടക്കവും പിഴച്ചു. മൂന്നാം ഓവറില്‍ ഷാക്കിബിന്‍റെ പന്തില്‍ ഓപ്പണര്‍ പാര്‍ത്ഥീവാണ്(20) ആദ്യം പുറത്തായത്. നായകന്‍ വിരാട് കോലി കരുതലോടെ തുടങ്ങിയെങ്കിലും വോറയ്ക്ക് പിന്തുണ നല്‍കാനായില്ല. 10-ാം ഓവറില്‍ കോലിയെ(39) പുറത്താക്കി വീണ്ടും ഷാക്കിബ് ആഞ്ഞടിച്ചതോടെ റോയല്‍ ചലഞ്ചേഴ്സ് പതറി. ബാംഗ്ലൂരിന് ഇരട്ട പ്രഹരമായി എബിഡിയും(5) മൊയിന്‍ അലിയും(10) പിന്നാലെ വീണു.

ഇതോടെ ജയിക്കാന്‍ റോയല്‍ ചലഞ്ചേഴ്സിന് അവസാന മൂന്ന് ഓവറില്‍ 25 റണ്‍സ് വേണമെന്നായി. എന്നാല്‍ മന്‍ദീപ് സിംഗും ഗ്രാന്‍ന്തോമും ബാംഗ്ലൂരിന്‍റെ രക്ഷയ്ക്കെത്തി. അവസാന ഓവറില്‍ പന്ത്രണ്ട് റണ്‍സായിരുന്നു ബാംഗ്ലൂരിന് വേണ്ടിയിരുന്നത്.  എന്നാല്‍ അവസാന പന്തില്‍ ഗ്രാന്‍ന്തോം ബൗള്‍ഡായതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അടിയറവ് പറയുകയായിരുന്നു. ഗ്രാന്‍ന്തോം 33 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 21 റണ്‍സുമായി മന്‍ദീപ് പുറത്താകാതെ നിന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'21-ാം വയസ്സിൽ അവൻ വിരമിച്ചേക്കും', വൈഭവ് സൂര്യവംശിയെക്കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസങ്ങള്‍
പരാഗിന് പിന്നാലെ ചാഹലും കുടുങ്ങി, വിമാനത്തിനുള്ളില്‍വെച്ച് ഇ-സിഗരറ്റ് വലിച്ച ചാഹലിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്, വിവാദം