സത്യം പറഞ്ഞാൽ ഇത് വലിയൊരു ആശ്വാസമാണ്, ഞങ്ങൾക്കെല്ലാവർക്കും. ആ പെനൽറ്റി നഷ്ടപ്പെടുത്തിയ രീതിയിൽ എനിക്ക് എന്നോട് തന്നെ കടുത്ത ദേഷ്യം തോന്നിയിരുന്നു.
അറ്റ്‌ലാന്‍റ: ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ 3-2 ന് തകർത്ത് അർജന്‍റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ മത്സരത്തില്‍ പെനല്‍റ്റി നഷ്ടമാക്കിയതിലെ നിരാശ തുറന്നു പറഞ്ഞ് അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പെനൽറ്റി നഷ്ടപ്പെടുത്തിയത് തന്നെ കടുത്ത നിരാശയിലാഴ്ത്തിയെന്നും, ഒരു നിർണായക ഘട്ടത്തിൽ താൻ ടീമിനെ വഞ്ചിച്ചതായി തോന്നിയെന്നും മെസി തുറന്നുപറഞ്ഞു. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ദൈവം തനിക്കായി ഒരു പ്രത്യേക നിമിഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നുവെന്ന് മത്സരശേഷം മെസി കൂട്ടിച്ചേർത്തു.
മത്സരത്തിന്‍റെ 79-ാം മിനിറ്റ് വരെ 2-0 ന് പുറകിലായിരുന്ന അർജന്‍റീന, വെറും 13 മിനിറ്റുകളുടെ ഇടവേളയിലാണ് മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി ലോകത്തെ ഞെട്ടിച്ച നാടകീയ തിരിച്ചുവരവ് നടത്തിയത്. സത്യം പറഞ്ഞാൽ ഇത് വലിയൊരു ആശ്വാസമാണ്, ഞങ്ങൾക്കെല്ലാവർക്കും. ആ പെനൽറ്റി നഷ്ടപ്പെടുത്തിയ രീതിയിൽ എനിക്ക് എന്നോട് തന്നെ കടുത്ത ദേഷ്യം തോന്നിയിരുന്നു. വളരെ നിർണായകമായ ഒരു നിമിഷത്തിൽ ഞാൻ എന്‍റെ സഹതാരങ്ങളെ വഞ്ചിച്ചുവെന്നാണ് എനിക്ക് തോന്നിയത്. ഞാൻ കാരണം ടീം തോല്‍ക്കുമെന്ന് ഭയന്നു. എന്നാൽ ഭാഗ്യവശാൽ, ദൈവം എനിക്കായി മത്സരത്തിന്‍റെ അവസാനത്തിൽ ഒരു പ്രത്യേക സമ്മാനം കാത്തുവെച്ചിട്ടുണ്ടായിരുന്നു. എനിക്ക് സമനില ഗോൾ നേടാൻ കഴിഞ്ഞു. അത് നൽകിയ സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്. ഈ ടീം എപ്പോഴും പോരാടുന്നവരാണ്, അവർ ഒരിക്കലും കൈകൾ താഴെയിടില്ല-മെസി പറഞ്ഞു.
അറ്റ്ലാന്റയിൽ നടന്ന മത്സരത്തിന്‍റെ 15-ാം മിനിറ്റിൽ തന്നെ യാസർ ഇബ്രാഹിമിലൂടെ ഈജിപ്ത് അർജന്‍റീനയെ ഞെട്ടിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷങ്ങളിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ബോക്സിൽ വീഴ്ത്തിയതിന് അർജന്‍റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത മെസിക്ക് പിഴച്ചു. ഈജിപ്ഷ്യൻ ഗോൾകീപ്പർ മോസ്തഫ ഷൊബീർ മെസിയുടെ ഷോട്ട് തട്ടിയകറ്റി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ (ഷൂട്ടൗട്ട് ഒഴികെ) നഷ്ടപ്പെടുത്തുന്ന താരം (4 എണ്ണം) എന്ന മോശം റെക്കോർഡും മെസിയുടെ പേരിലായി. 67-ാം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ ഈജിപ്ത് രണ്ടാം ഗോളും നേടിയതോടെ ലോക ചാമ്പ്യന്മാർ ടൂർണമെന്‍റിൽ നിന്ന് പുറത്തേക്കെന്ന അവസ്ഥയിലായിരുന്നു.
എന്നാല്‍ കളി കൈവിട്ടെന്ന് കരുതിയടത്തുനിന്നാണ് മെസിയും സംഘവും തങ്ങളുടെ യഥാർത്ഥ വിശ്വരൂപം പുറത്തെടുത്തത്. മെസി എടുത്ത അളന്നുമുറിച്ച ഫ്രീ-കിക്കിൽ നിന്ന് 79-ാം മിനിറ്റില്‍ ഡിഫെൻഡർ ക്രിസ്റ്റ്യൻ റൊമേറോ അർജന്‍റീനയുടെ ആദ്യ ഗോൾ നേടി (2-1). ആദ്യ പകുതിയിലെ പാപക്കറ തീർത്ത് 83-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ നിന്ന് മെസി അർജന്‍റീനയ്ക്ക് സമനില നേടിക്കൊടുത്തു (2-2). മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്‍റീന 3-2 ന്‍റെ അവിശ്വസനീയ ജയം സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെയാണ് അർജന്‍റീന നേരിടുക.
