ഡല്‍ഹിയെ വീഴ്ത്തി സണ്‍റൈസേഴ്സ് വീണ്ടും ഒന്നാം സ്ഥാനത്ത്

Web Desk |  
Published : May 05, 2018, 11:14 PM ISTUpdated : Jun 08, 2018, 05:53 PM IST
ഡല്‍ഹിയെ വീഴ്ത്തി സണ്‍റൈസേഴ്സ് വീണ്ടും ഒന്നാം സ്ഥാനത്ത്

Synopsis

അവേശപ്പോരില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു

ഹൈദരാബാദ്: ഐപിഎല്ലില്‍ അവേശപ്പോരില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് വീണ്ടും ഒന്നാമത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ സണ്‍റൈസേഴ്സ് നേടിയെടുത്തു. മികച്ച തുടക്കം ലഭിച്ച സണ്‍റൈസേഴ്സിന് മധ്യനിരയില്‍ വില്യംസണിന്‍റെ മികവും വാലറ്റത്ത് യൂസഫ് പഠാന്‍റെ വെടിക്കെട്ടുമാണ് വിജയം സമ്മാനിച്ചത്. 

നേരത്തെ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗാരംഭിച്ച ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ പൃഥ്വി ഷായാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയ്ക്ക് കാര്യമായി തിളങ്ങാനാകാതെ പോയതാണ് ഡെയര്‍ഡെവിള്‍സിനെ കൂറ്റന്‍ സ്കോറില്‍ നിന്നകറ്റിയത്. സണ്‍റൈസേഴ്സിനായി റഷീദ് ഖാന്‍ രണ്ടും സിദ്ധാര്‍ത്ഥ് കൗള്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഡല്‍ഹി ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ സന്ദീപ് ശര്‍മ്മയുടെ റണൗട്ടില്‍ രണ്ട് റണ്‍സുമായി മാക്സ്‌വെല്‍ പുറത്തായി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ വീരന്‍മാരായ പൃഥ്വി ഷായും ശ്രേയാസ് അയ്യരും ക്രീസില്‍ ഒന്നിച്ചതോടെ ഡെയര്‍ഡെവിള്‍സ് കുതിച്ചു. ഇതോടെ 10 ഓവര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി നൂറിനടുത്തെത്തി. അതിവേഗം റണ്‍സുയര്‍ത്തിയ ഷാ 36 പന്തില്‍ 65 റണ്‍സെടുത്തു. റഷീദ് ഖാനായിരുന്നു വിക്കറ്റ്.

16-ാം ഓവറിലെ ആദ്യ പന്തില്‍ വ്യക്തിഗത സ്കോര്‍ 44ല്‍ നില്‍ക്കേ അയ്യരെ കൗള്‍ പുറത്താക്കിയത് ഡല്‍ഹിക്ക് തിരിച്ചടിയായി. റഷീദ് ഖാനെറിഞ്ഞ 17-ാം ഓവറില്‍ പന്തും(18), ഓജയും(1) പുറത്തായത് സ്കോറിങ്ങിനെ ബാധിച്ചു. പിന്നാലെ വിജയ് ശങ്കറും ഡാന്‍ ക്രിസ്റ്റ്യനും കൂറ്റനടികളുമായി ഇന്നിംഗ്സ് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വന്‍ സ്കോര്‍ പിറന്നില്ല. ശങ്കര്‍ 23 റണ്‍സുമായും ക്രിസ്റ്റ്യന്‍ ഏഴ് റണ്‍സെടുത്തും പുറത്താകാതെ നിന്നു.  

മറുപടി അതിഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ അലക്സ് ഹെയ്‌ല്‍സും ശീഖര്‍ ധവാനും സണ്‍റൈസേഴ്സിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് സണ്‍റൈസേഴ്സിനായി പവര്‍ പ്ലേയില്‍ നേടിയത് 61 റണ്‍സ്. അവേശ് ഖാനെറിഞ്ഞ ആറാം ഓവറില്‍ മാത്രം അടിച്ചുകൂട്ടിയത് നാല് സിക്സുകളടക്കം 27 റണ്‍സ്. എന്നാല്‍ അമിത് മിശ്ര പന്തെടുത്തതോടെ കളിയുടെ ഗതി മാറി. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ ഹെയ്‌ല്‍സും(45) 11-ാം ഓവറിലെ അവസാന പന്തില്‍ ധവാനും(33) പുറത്ത്. 

പതിമൂന്നാം ഓവറില്‍ സണ്‍റൈസേഴ്സ് 100 പിന്നിട്ടു. നായകന്‍ വില്യംസണും മനീഷ് പാണ്ഡെയും താളം കണ്ടെത്തിയതോടെ ഡല്‍ഹി ബൗളര്‍മാര്‍ക്ക് പിടിപ്പത് പണിയായി. എന്നാല്‍ 17-ാം ഓവറിലെ ആദ്യ പന്തില്‍ ഷായുടെ തകര്‍പ്പന്‍ ക്യാച്ചില്‍ കൂറ്റനടിക്ക് ശ്രമിച്ച പണ്ഡെ കുടുങ്ങി. 19-ാം ഓവറില്‍ ബൗള്‍ട്ടിനെ യൂസഫ് പഠാന്‍ കൈകാര്യം ചെയ്തതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ്. എന്നാല്‍ പുറത്താകാതെ 32 റണ്‍സെടുത്ത വില്യംസണും 27 റണ്‍സുമായി പഠാനും സണ്‍റൈസേഴ്സിനെ ജയത്തിലെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആര്‍സിബിയെ വീഴ്ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ജയം 9 റണ്‍സിന്
ജീവന്‍മരണപ്പോരില്‍ അടിച്ചുകയറി ലക്നൗ, മിച്ചല്‍ മാര്‍ഷിന് വെടിക്കെട്ട് സെഞ്ചുറി, മഴക്കളിയില്‍ ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം