ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്റീനയോട് 3-2ന് പരാജയപ്പെട്ടതിന് പിന്നാലെ റഫറിക്കെതിരെ ഈജിപ്ത് ഫിഫയ്ക്ക് പരാതി നൽകി. മത്സരത്തിൽ റഫറി ഫ്രാൻസ്വ ലെറ്റെക്സിയർ അർജന്റീനയ്ക്ക് അനുകൂലമായി ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തെന്നും ഇതാണ് തങ്ങളുടെ തോൽവിക്ക് കാരണമെന്നും ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ആരോപിക്കുന്നു.
അറ്റ്ലാന്റയിൽ നടന്ന ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 3-2 ന് നാടകീയമായി പരാജയപ്പെട്ടതിന് പിന്നാലെ, മത്സര നിയന്ത്രിച്ച റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ തീരുമാനങ്ങൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകാൻ ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയെ സമീപിച്ചതായി റിപ്പോർട്ട്. റഫറി അർജന്റീനയ്ക്ക് അനുകൂലമായി ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തെന്നാണ് ഈജിപ്തിന്റെ പ്രധാന ആക്ഷേപം.
മത്സരത്തിൽ ഒരു ഘട്ടത്തിൽ 2-0 ത്തിന് മുന്നിട്ടുനിന്ന ഈജിപ്ത്, ചരിത്രപരമായ ഒരു അട്ടിമറി വിജയത്തിന്റെ തൊട്ടരികിലായിരുന്നു. യാസർ ഇബ്രാഹിം (15'), മൊസ്തഫ സിക്കോ (67') എന്നിവരുടെ ഗോളുകളിലൂടെയാണ് ഈജിപ്ത് ലീഡ് നേടിയത്. എന്നാൽ ക്രിസ്റ്റ്യൻ റൊമേറോയിലൂടെ (79') ആദ്യ ഗോൾ മടക്കിയ അർജന്റീനയ്ക്കായി ലയണൽ മെസ്സി (83') സമനില ഗോൾ നേടി. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+3') എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്റീന നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നാടകീയമായ രംഗങ്ങളാണ് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഇഞ്ചുറി ടൈമിൽ മാത്രം ഈജിപ്ഷ്യൻ താരങ്ങൾക്ക് 5 മഞ്ഞക്കാർഡുകളാണ് റഫറി വിധിച്ചത്. റഫറിയുടെ കടുത്ത തീരുമാനങ്ങളും വിവേചനപരമായ സമീപനവുമാണ് തങ്ങളുടെ തോൽവിക്ക് കാരണമായതെന്നാണ് ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ ആരോപണം.

