
ചെന്നൈ: 2024-ൽ ജാർഖണ്ഡ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തത് ക്രിക്കറ്റ് താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചതായി ഇഷാൻ കിഷൻ. നായകസ്ഥാനം നൽകിയ ഉത്തരവാദിത്തം തന്നിൽ കൂടുതൽ ശാന്തത കൈവരിക്കാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിനായി 270 റൺസ് നേടുന്ന മികച്ച പ്രകടനം പുറത്തെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു 28-കാരനായ ഇഷാൻ. ബിസിസിഐ കരാർ നഷ്ടമായ ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ജാർഖണ്ഡിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
ഇതിന് ശേഷം ഇന്ത്യൻ വൈറ്റ് ബോൾ ടീമിലേക്ക് തിരിച്ചെത്താനും അദ്ദേഹത്തിന് സാധിച്ചു. നായകസ്ഥാനം ടീമിലെ എല്ലാ കളിക്കാരെയും കൃത്യമായി ശ്രദ്ധിക്കാനും സഹായിക്കാനും തന്നെ പഠിപ്പിച്ചതായി കിഷൻ വ്യക്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിനായി വലിയൊരു സ്കോർ പടുത്തുയർത്തുക എന്നതിനായിരുന്നു താൻ മുൻഗണന നൽകിയതെന്നും, ആക്രമിച്ചു കളിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും വിക്കറ്റ് കാത്തുസൂക്ഷിക്കാൻ നിയന്ത്രണത്തോടെ ബാറ്റ് വീശിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് ഇഷാൻ കിഷൻ. അരുൺ ലാൽ (1986-87ൽ രണ്ട് ഇരട്ട സെഞ്ചുറികൾ), സബാ കരീം (1995-96) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഈസ്റ്റ് സോൺ താരങ്ങൾ. ഇതുകൂടാതെ, ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം ബാറ്ററെന്ന അപൂർവ്വ നേട്ടവും ഇഷാൻ സ്വന്തമാക്കി. രമണ്‍ ലാംബ, യശസ്വി ജയ്‌സ്വാൾ, ചേതേശ്വർ പൂജാര, അൻഷുമാൻ ഗെയ്ക്‌വാദ്, യൂസഫ് പത്താൻ എന്നിവരാണ് ഫൈനലിൽ മുമ്പ് ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള മറ്റ് താരങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!