ഇങ്ങനെയൊരു ഗോള്‍ മഴയ്ക്ക് ബാ‌ഴ്‌സലോണക്കാര്‍ സാക്ഷ്യം വഹിച്ചിട്ട് ഏതാണ്ട് ഏഴ് പതിറ്റാണ്ടോളമായി. നാല് മത്സരങ്ങള്‍, എതിരാളികളുടെ വലയില്‍ പന്തെത്തിയത് 17 തവണയാണ്

ഇങ്ങനെയൊരു ഗോള്‍ മഴയ്ക്ക് ബാ‌ഴ്‌സലോണക്കാര്‍ സാക്ഷ്യം വഹിച്ചിട്ട് ഏതാണ്ട് ഏഴ് പതിറ്റാണ്ടോളമായി. നാല് മത്സരങ്ങള്‍, എതിരാളികളുടെ വലയില്‍ പന്തെത്തിയത് 17 തവണയാണ്, മൂന്ന് കളികളില്‍ അഞ്ചെണ്ണം തികച്ചു. ഹൻസി ഫ്ലിക്ക് ഇതൊക്കെയും നേടിയെടുത്തത് ഒരു പ്രോപ്പര്‍ നമ്പര്‍ നയൻ ഇല്ലാതെയാണ്.

ഒറ്റ സീസണില്‍ നാല്‍പ്പതും അൻപതും ഗോളടിക്കുന്ന ഒരു സ്ട്രൈക്കര്‍. ഒരു ക്ലബ്ബിന് കിരീടങ്ങളെത്തിപ്പിടിക്കാൻ ഇതുപൊലൊരു സാന്നിധ്യം അനിവാര്യമാണെന്ന് പറയാറുണ്ട്. റയല്‍ മാഡ്രിഡിന്റെ സുവര്‍ണകാലത്തൊരു ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, ബാഴ്സയ്ക്ക് ലയണല്‍ മെസി, ബയേണ്‍ മ്യൂണിക്കിന് റൊബേര്‍ട്ട് ലെവൻഡോസ്കി...പക്ഷേ ഫ്ലിക്കിന്റെ ബാഴ്സ നല്‍കുന്നത് ഇതിനൊക്കെയും മേല്‍ നില്‍ക്കുന്നൊരു തന്ത്രമാണ്, കൂടുതല്‍ അപകടം വിതയ്ക്കാൻ കെല്‍പ്പുള്ളത്.

38 വയസുകാരനായ റോബേര്‍ട്ട് ലെവൻഡോസ്കിയേയും സ്പെയിനിന്റെ ലോകകപ്പ് ഹീറോ ഫെറാൻ ടോറസിനെയും നഷ്ടമായാണ് ഫ്ലിക്ക് പുതിയ സീസണ്‍ ആരംഭിക്കാനൊരുങ്ങിയത്. ലെവൻഡോസ്ക്കി അമേരിക്കയിലേക്ക് ചേക്കേറിയപ്പോള്‍ ഫെറാൻ പാരിസ് സെന്റ് ജര്‍മന്റെ ജഴ്‌സിയണിഞ്ഞു. പിന്നിട്ട സീസണില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 39 ഗോളുകളായിരുന്നു. നഷ്ടം നികത്താൻ സ്വപ്നം കണ്ടത് ഹൂലിയൻ ആല്‍വാരസിനെ, അത്‌ലറ്റിക്കൊ മാഡ്രിഡിന്റെ കടുംപിടുത്തത്തില്‍ ആ ലക്ഷ്യം പൂര്‍ത്തിയാകാതെ പോകുന്നു. ഗബ്രിയേല്‍ ജീസ്യൂസിനെയാണ് ഒടുവില്‍ ലഭിക്കുന്നതും.

ഒരു നമ്പര്‍ ണയൻ ഇല്ലാതെ ബാഴ്‌സയെങ്ങനെ ഇത് സാധ്യമാക്കുന്നുവെന്നതിലാണ് ഫ്ലിക്കിന്റെ ക്ലാസിക്ക് തന്ത്രം. റഫീഞ്ഞ്യ സെൻട്രല്‍ സ്ട്രൈക്കറായും ലമീൻ യമാലും ആന്തണി ഗോര്‍ഡനും ഇരുപാര്‍ശ്വങ്ങളിലും, ഇതാണ് ഫ്ലിക്കിന്റെ പുതിയ ഫ്രണ്ട് ലൈൻ. ഫെര്‍മിൻ ലോപസ്, പെഡ്രി, റോഡ്രി എന്നിവര്‍ ചേരുന്ന മധ്യനിരയും.

ഫ്ലിക്കിന്റെ അറ്റാക്കിങ് പസിലിലെ പ്രധാന ആയുധം റഫീഞ്ഞ്യ തന്നെയാണ്. ഒരു ട്രഡീഷണല്‍ നമ്പര്‍ ണയനിനെപ്പോലെ സെന്റര്‍ ബാക്കുകള്‍ക്കിടയിലും പെനാലിറ്റി ബോക്സിലും നിലയുറപ്പിക്കുകയല്ല റഫീഞ്ഞ്യ. മറിഞ്ഞ് കോണ്‍സ്റ്റന്റായുള്ള മൂവ്മെന്റുകള്‍, റഫീഞ്ഞ്യയുടെ മൂവ്മെന്റുകള്‍ എതിര്‍ പ്രതിരോധനിരയെ ആശയക്കുഴപ്പത്തിലാക്കുന്ന ഘടകമാണ്, പൊസിഷൻ കീപ്പ് ചെയ്യണോ അതോ റഫീഞ്ഞ്യയെ മാര്‍ക്ക് ചെയ്യണോ എന്നത്.

ഇത് മറ്റ് താരങ്ങള്‍ക്ക് അറ്റാക്ക് ചെയ്യാനുള്ള സ്പെസ് നേടിക്കൊടുക്കുന്ന ഘടകമാണ്. പ്രത്യേകിച്ചും വിങ്ങര്‍മാര്‍ക്കും അറ്റാക്കിങ് മിഡ് ഫീല്‍ഡേഴ്സിനും. മിഡ് ഫീല്‍ഡര്‍മാര്‍ക്ക് ഫൈനല്‍ തേഡിലേക്ക് കൂടുതല്‍ പുഷ് ചെയ്യാനുമാകുന്നു. സീസണില്‍ ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളും ഒരു അസിസ്റ്റുമാണ് റഫീഞ്ഞ്യയുടെ നേട്ടം.

ഫ്ലിക്കിന്റെ സിസ്റ്റത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമൂള്ള പ്ലേ മേക്കര്‍ റോളിലാണ് ഇന്ന് ലമീൻ യമാല്‍. വിങ് പൊസിഷനില്‍ മാത്രം ഒതുങ്ങുന്നില്ല. ഇവിടെ യമാല്‍ - ഫെര്‍മീൻ ലോപസ് കോമ്പോ വര്‍ക്കാകുകയും ചെയ്യുന്നു. യമാലിലേക്ക് പന്തെത്തുമ്പോള്‍ സ്വഭാവികമായും എതിര്‍ പ്രതിരോധ താരങ്ങളുടെ പൂര്‍ണമായുള്ള ശ്രദ്ധ യമാലിലേക്ക് മാറുന്നുണ്ട്. ഇത് ഫെര്‍മിന് അറ്റാക്ക് ചെയ്യാനുള്ള സ്പേസ് നല്‍കുന്നു. ഇതിന്റെ നേര്‍വിപരീതമായുള്ള ഷിഫ്റ്റുമുണ്ട്. ഫെര്‍മിന്റെ ഫോര്‍വേഡ് മൂവ്മെന്റുകള്‍ യമാലിന് അറ്റാക്ക് ചെയ്യാനും അവസരമൊരുക്കാനുമുള്ള സമയവും സ്പേസും സൃഷ്ടിക്കുന്നു.

ഫെര്‍മിൻ വലതുപാര്‍ശ്വത്തിലേക്ക് പൊസിഷൻ ഷിഫ്റ്റ് ചെയ്യുമ്പോള്‍ യമാലിന് സെന്ററിലൂടെ അറ്റാക്ക് ചെയ്യാനും സ്കോറിങ് പൊസിഷൻ അറ്റയിൻ ചെയ്യാനും കഴിയും. സീസണില്‍ ഇതുവരെ നാല് ഗോളുകളാണ് യമാല്‍ സ്കോര്‍ ചെയ്തത്. പ്ലേ മേക്കര്‍ മാത്രമല്ല, ഒരു സെക്കൻഡറി സ്ട്രൈക്കര്‍ക്കൂടിയാണ് പുതിയ സിസ്റ്റത്തില്‍ യമാല്‍, കഴിഞ്ഞ സീസണുകള്‍ പരിശോധിച്ചാല്‍ യമാലിന്റെ പ്രകടനങ്ങള്‍ ക്രിയേറ്റീവായി മാത്രം ഒതുങ്ങി നിന്നിരുന്നു, ലോകകപ്പിലും അത് ആവര്‍ത്തിച്ചു. എന്നാല്‍, ബാഴ്സലോണയ്ക്കൊപ്പം വ്യത്യസ്തമാണ് കാര്യങ്ങള്‍.

വലൻസിയക്കെതിരായ രണ്ടാം ഗോള്‍ ഉദാഹരണമായി എടുക്കാനാകും. യമാല്‍ വലതുവിങ്ങിലേക്ക് മാറുമ്പോള്‍ എതിരാളികളുടെ ഡിഫൻസും സ്ട്രെച്ചാകുന്നുണ്ട്. ഇത് മറ്റ് താരങ്ങള്‍ക്ക് സ്കോറിങ്ങ് ഓപ്പര്‍ച്ചൂനിറ്റികള്‍ നല്‍കുന്നു. ഫെര്‍മിനും യമാലിനും ഒപ്പം ചേര്‍ത്തുവെക്കേണ്ടത് അന്തണി ഗോര്‍ഡന്റെ പേരാണ്. ബാഴ്സയുടെ ഡിഎൻഎയിലേക്ക് അതിവേഗം ചേര്‍ന്ന ഗോര്‍ഡൻ ഫ്ലിക്കിന്റെ സിസ്റ്റത്തില്‍ വെര്‍ട്ടിക്കല്‍ അറ്റാക്കുകളിലെ പ്രധാന പോയിന്റാണ്, ബാഴ്സയുടെ നീക്കങ്ങളിലെ വേഗതയെന്നൊക്കെ പറയാം. യമാല്‍ കയോസ് സൃഷ്ടിക്കുമെങ്കില്‍, കയോസിനെ കൃത്യമായ റണ്ണുകളിലൂടെ ഉപയോഗിക്കുന്ന താരമാണ് ഗോര്‍ഡൻ. 244 മിനുറ്റുകളില്‍ നിന്ന് നാല് അസിസ്റ്റുകള്‍ നല്‍കാൻ ഗോര്‍ഡന് സാധിച്ചു.

മധ്യനിര താരങ്ങള്‍ സ്കോര്‍ ഷീറ്റില്‍ ഇടം പിടിച്ചതും ഗോര്‍ഡൻ, റഫീഞ്ഞ്യ, യമാല്‍ സഖ്യത്തിന്റെ മൂവ്മെന്റുകള്‍ നല്‍കുന്ന സ്പേസിലൂടെയാണ്. ഇതൊക്കെ സാധിക്കുമ്പോഴും നമ്പര്‍ ണയൻ വേണമെന്ന നിലപാടില്‍ ഫ്ലിക്കിന് മാറ്റമില്ല. ക്വാളിറ്റി ടീമുകള്‍ക്കെതിരെ നിലവിലെ തന്ത്രം സാധ്യമാകുമോയെന്ന ചോദ്യവുമുണ്ട്.