Latest Videos

സച്ചിനും ധോണിയും കോലിയും അടങ്ങുന്ന പട്ടികയില്‍ തലപ്പത്ത് ഇശാന്ത്!

By Web TeamFirst Published Jan 1, 2019, 11:36 PM IST
Highlights

ഇതിഹാസ താരങ്ങളെ പിന്തള്ളി ഇശാന്ത് ശര്‍മ്മയ്ക്ക് റെക്കോര്‍ഡ്. മെല്‍ബണ്‍ ജയത്തോടെ ഏഷ്യക്ക് പുറത്ത് കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരമായി ഇശാന്ത് ശര്‍മ്മ.

സിഡ്‌നി: നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സീനിയര്‍ താരങ്ങളിലൊരാളാണ് ഇശാന്ത് ശര്‍മ്മ. അനുഭവപരിചയത്തില്‍ മാത്രമല്ല, ഒരു അപൂര്‍വ നേട്ടത്തിലും ഇശാന്ത് വളരെ ഉയരങ്ങളിലാണ്. അതും ഇതിഹാസ താരങ്ങളെ വരെ പിന്തള്ളി. ഏഷ്യക്ക് പുറത്ത് കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരമാണ് ഇശാന്ത് ശര്‍മ്മ.

ടെസ്റ്റ് ചക്രവര്‍ത്തികളായ രാഹുല്‍ ദ്രാവിഡിനും വിവിഎസ് ലക്ഷ്‌മണിനും 10 ജയങ്ങളാണ് ഏഷ്യക്ക് പുറത്ത് നേടാനായത്. മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ നേടിയത് ഒമ്പത് ജയങ്ങള്‍. സച്ചിന്‍, ധോണി, കോലി, ബേദി എന്നീ വമ്പന്‍മാരുടെ അക്കൗണ്ടില്‍ എട്ട് ജയങ്ങള്‍ മാത്രം. എന്നാല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന് വിജയിച്ചതോടെ ഇശാന്തിന്‍റെ വിജയപട്ടിക 11ലെത്തി. 

ഇന്ത്യയില്‍ പലപ്പൊഴും മികവ് കാട്ടാനായില്ലെങ്കിലും വിദേശ പിച്ചുകള്‍ ഇശാന്തിന് എപ്പോഴും ഭാഗ്യവേദികളാണ്. ടെസ്റ്റ് കരിയറില്‍ 90 മത്സരങ്ങളില്‍ 267 വിക്കറ്റാണ് ഇശാന്ത് പിഴുതിട്ടുള്ളത്. 74 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇശാന്ത് മൂന്ന് മത്സരങ്ങളില്‍ 11 വിക്കറ്റ് നേടിയിട്ടുണ്ട്. 

click me!