
കൊച്ചി:തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിനെ ചതിച്ചത് റഫറിയോ ?.ബംഗലൂരു എഫ്സിക്കായി സുനില്‍ ഛേത്രി നേടിയ ഗോള്‍ ഓഫ് സൈഡാണെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആരോപണം. ഓഫ് സൈഡാണെന്ന് വ്യക്തമായിട്ടും റഫറി ബംഗലൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ചത് അത്ഭുതപ്പെടുത്തിയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് മത്സരശേഷം പറഞ്ഞു.
ബംഗലൂരുവിനെ തോല്‍പ്പിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് അറിയാമായിരുന്നു. പ്രത്യേകിച്ചും ഓഫ് സൈഡിലൂടെ അവര്‍ ആദ്യ ഗോള്‍ നേടിയ സാഹചര്യത്തില്‍. ആദ്യഗോളിന് തന്റെ ടീമിലെ ആരെയെങ്കിലും കുറ്റപ്പെടുത്താനാവില്ലെന്നും ഐഎസ്എല്ലില്‍ വീഡിയോ അസിസ്റ്റ് റഫറി(വാര്‍) നടപ്പാക്കണമെന്നും ജെയിംസ് പറഞ്ഞു. ബംഗ്ലൂരുവിനെതിരായ മത്സരത്തിലെ മോശം റഫറീയിംഗിനെതിരെ ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിംഗാനും രംഗത്തെത്തിയിരുന്നു.
മത്സരത്തില്‍ പതിനേഴാം മിനിട്ടില്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ബംഗലൂരുവിനെതിരെ മുപ്പതാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി സ്ലാവിസ്ല സ്റ്റോജനോവിക് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചിരുന്നു. എന്നാല്‍ എണ്‍പത്തിയൊന്നാം മിനിട്ടില്‍ സിസ്കോ ഫെര്‍ണാണ്ടസിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോള്‍ കീപ്പര്‍ നവീന്‍കുമാര്‍ തടുത്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് നിക്കോള ക്രമര്‍വിച്ചിന്റെ ദേഹത്ത് തട്ടി വലയില്‍ കയറിയതോടെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബംഗലൂരു ജയിച്ചുകയറി.
പൂനെക്കിതിരായ കഴിഞ്ഞ മത്സരത്തിലെ മോശം റഫറീയിംഗിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കൊച്ചിയിലെ ഗ്യാലറിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റഫറീയിംഗിനെതിരെ ആരോപണം ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!