സമനില തെറ്റി; ബംഗലൂരുവിനെതിരെ തോല്‍വി വഴങ്ങി ബ്ലാസ്റ്റേഴ്സ്

By Web TeamFirst Published Nov 5, 2018, 10:00 PM IST
Highlights

ഐഎസ്എല്ലില്‍ തുടര്‍ച്ചയായ സമനിലകളുടെ കെട്ടുപൊട്ടിക്കാനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോറ്റു. ബംഗലൂരു എഫ്സിയ്ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വിയാണിത്.

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ സമനിലകളുടെ കെട്ടുപൊട്ടിക്കാനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോറ്റു. ബംഗലൂരു എഫ്സിയ്ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വിയാണിത്. പതിനേഴാം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ബംഗലൂരുവിനെ മുപ്പതാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി സ്ലാവിസ്ല സ്റ്റോജനോവിക് ഒപ്പമെത്തിച്ചതാണ്.

പക്ഷെ രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങുന്ന ശീലം മാറ്റാന്‍ ബ്ലാസ്റ്റേഴ്സിന് ഇത്തവണയും ആയില്ല. എണ്‍പത്തിയൊന്നാം മിനിട്ടില്‍ സിസ്കോ ഫെര്‍ണാണ്ടസിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോള്‍ കീപ്പര്‍ നവീന്‍കുമാര്‍ തടുത്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് നിക്കോള ക്രമര്‍വിച്ചിന്റെ ദേഹത്ത് തട്ടി വലയില്‍ കയറിയപ്പോള്‍ മഞ്ഞപ്പട നിശബ്ദരായി.

ഈ തോല്‍വിക്ക് ബ്ലാസ്റ്റേഴ്സിന് സ്വയം പഴിക്കുകയേ നിര്‍വാഹമുള്ളു. പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാതിരുന്ന ബംഗലൂരുവിനെതിരെ ലഭിച്ച സുവര്‍ണാവസരങ്ങള്‍ കളഞ്ഞുകുളിച്ചതിന്. രണ്ടാം പകുതില്‍ സ്കോര്‍ ഒപ്പത്തിനൊപ്പം നില്‍ക്കെ ബംഗലൂരു ഗോള്‍ കീപ്പര്‍ ഗുപ്രീത് സന്ധു മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം സി കെ വിനീത് പാഴാക്കിയത് ഗ്യാലറിയിലെ പതിനായരങ്ങള്‍ അവിശ്വസനീയതോടെയാണ് കണ്ടിരുന്നത്.

കളിയുടെ മൂന്നാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്സിനാണ് ഗോളിലേക്ക് ആദ്യ അവസരം ലഭിച്ചത്. ബോക്സിനകത്തുനിന്ന് പ്രശാന്ത് നല്‍കിയ ലോ ക്രോസ് കണക്ട് ചെയ്ത് വിനീത് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് ആക്രമിച്ച് കളിച്ച ബംഗലൂരുവിന്റെ മുന്നേറ്റമാണ് ആദ്യപകുകിയില്‍ കണ്ടത്. അതിന് ഫലം കണ്ടതാകട്ടെ പതിനേഴാം മിനിട്ടിലും.

മിക്കുവിന്റെ പാസില്‍ നിന്നായിരുന്നു ബംഗലൂരുവിനായി ഛേത്രിയുടെ മനോഹര ഗോള്‍. പെനല്‍റ്റി ബോക്സില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ബംഗലൂരു താരം നിഷുകുമാര്‍ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്.ആദ്യ പകുതി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെ പ്രശാന്തിന്റെ ക്രോസില്‍ നിന്ന് ലെന്‍ ഡംഗല്‍ തൊടുത്ത ഗോളന്നുറച്ച ഷോട്ട് ഗുര്‍പ്രീത് സിംഗ് സന്ധു തട്ടിയയകറ്റിയതോടെ ഇത് ബ്ലാസ്റ്റേഴ്സിന്റെ ദിനമല്ലെന്ന് ഉറപ്പായി. മുന്‍നിരയില്‍ പ്രശാന്ത് മികച്ച കളി പുറത്തെടുത്തപ്പോള്‍ സി കെ വിനീത് നിറം മങ്ങിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

ആദ്യ ഇലവനില്‍ സി കെ വിനീതിനെയും സഹല്‍ അബ്ദുള്‍ സമദിനെയും കെ പ്രശാന്തിനെയും ഉള്‍പ്പെടുത്തിയതോടെ മൂന്ന് മലയാളികളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ആദ്യപകുതിയുടെ ഇടവേളയില്‍ സ്റ്റേഡിയത്തിലെ രണ്ട് ഫ്ലഡ് ലൈറ്റുകള്‍ പണിമുടക്കിയതോടെ അരമണിക്കൂര്‍ വൈകിയാണ് രണ്ടാം പകുതി തുടങ്ങിയത്.

click me!