എന്തൊരു നാണക്കേട്; വമ്പന്‍ തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

By Web TeamFirst Published Dec 16, 2018, 9:38 PM IST
Highlights

മുംബൈ സിറ്റി എഫ്‌സിയോട് കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ തോല്‍വി. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് മുംബൈയ്ക്ക് ജയം. മോഡു സോഗുവിന് നാല് ഗോള്‍. ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്... 

മുംബൈ: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ 11-ാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് ജയമില്ല. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. നാല് ഗോള്‍ നേടിയ മോഡു സോഗുവിന്‍റെ കരുത്തിലാണ് മുംബൈ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സിന്‍റെ വല തുരന്നത്.

ആദ്യ പകുതിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുംബൈ മുന്നിലെത്തിയിരുന്നു. 12, 15, 30 മിനുറ്റുകളില്‍ വലകുലുക്കി സോഗു തുടക്കത്തിലെ ഹാട്രിക് ഉറപ്പിച്ചു. ഇതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഏക ഗോള്‍ 27-ാം മിനുറ്റില്‍ ഡംഗല്‍ മടക്കി. മുംബൈ താരങ്ങളുടെ അതിവേഗവും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്‍റെയും ഗോളിയുടെയും പിഴവുകളും ചേര്‍ന്നപ്പോള്‍ ആദ്യ പകുതിയില്‍ മുംബൈ ഗോള്‍മഴ പെയ്യിക്കുകയായിരുന്നു. 

പരുക്കന്‍ കളിക്കും ആദ്യ പകുതി വേദിയായി. അധിക സമയത്ത് അനാവശ്യമായി ചുവപ്പ് കാര്‍ഡ് വാങ്ങി മലയാളി താരം സക്കീര്‍ മുണ്ടംപാറ മൈതാനം വിട്ടത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഇതോടെ രണ്ടാം പകുതിയില്‍ 10 പേരുമായാണ് മഞ്ഞപ്പട കളിച്ചത്. ആദ്യ പകുതിയിലെ പ്രതിരോധത്തിലെ പിഴവ് രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആവര്‍ത്തിച്ചപ്പോള്‍ മുംബൈ വീണ്ടും മൂന്നടിച്ചു. 

രണ്ടാം പകുതിയില്‍ 70-ാം മിനുറ്റില്‍ റാഫേല്‍ ബാസ്റ്റോസ് മുംബൈയുടെ നാലാം ഗോള്‍ നേടി. 89-ാം മിനുറ്റില്‍ മത്തിയാസിലൂടെ അഞ്ചാം ഗോളും മുംബൈ സ്വന്തമാക്കിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് മറുപടിയുണ്ടായിരുന്നില്ല. അധികസമയത്ത് 94-ാം മിനുറ്റില്‍ തന്‍റെ നാലാം ഗോളും മുംബൈയുടെ ആറാം ഗോളും നേടി സോഗു കളി മുംബൈയ്ക്ക് വലിയ മാര്‍ജിനില്‍ നേടിക്കൊടുത്തു. 

click me!