
കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്‍റില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ആരാധകരുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍. കഴിഞ്ഞ സീസണില്‍ പരിക്കിനുശേഷം ടീം മാനേജ്മെന്‍റും മെഡിക്കല്‍ സംഘവുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് അന്ന് ചര്‍ച്ചയിലുണ്ടായത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയശേഷം മാനേജ്മെന്‍റിന്‍റെ പ്രതികരണം നിരാശപ്പെടുത്തിയെന്നും അതിനാലാണ് താന്‍ പുനെ സിറ്റിയിലേക്ക് ചേക്കേറിയതുമെന്നാണ് ഹ്യൂമിന്‍റെ വെളിപ്പെടുത്തല്‍.
'പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ശേഷം ടീം മാനേജ്മെന്‍റ് തന്നെ ബന്ധപ്പെട്ടില്ല. അടുത്ത സീസണില്‍ താനില്ലാതെ വേറിട്ട പാതയില്‍ സഞ്ചരിക്കാനായിരുന്നു അവരുടെ തീരുമാനം. ഇത് ഫുട്ബോളാണ് എന്ന് മനസിലാക്കുന്നു. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് രണ്ട് തവണ ഈ നിരാശ ഉണ്ടായി എന്നതാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. കേരളത്തെ തനിക്ക് വളരെയേറെ ഇഷ്ടമാണ്. ഈ ദുരനുഭവംകൊണ്ട് ആ നാടിനോടും നാട്ടുകാരോടുമുളള ഇഷ്ടം ഒട്ടും കുറയ്ക്കുന്നില്ല. ഇതിനെയോര്‍ത്ത് കരയാനും പോകുന്നില്ല'. വികാരഭരിതനായി ഹ്യൂം പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്ന പുനെ സിറ്റിയില്‍ നിന്ന് നേരത്തെയും തനിക്കു ഓഫറുണ്ടായിരുന്നതായും ഹ്യൂം വെളിപ്പെടുത്തുന്നുണ്ട്. മൂന്ന് വര്‍ഷത്തെ കരാറിനായി പുനെ ടീം നിരന്തരം ചര്‍ച്ചയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത വിട്ട് മഞ്ഞപ്പടയില്‍ മടങ്ങിയെത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ പറയുന്നു. ആദ്യ ഐഎസ്എല്‍ സീസണില്‍(2014) ബ്ലാസ്റ്റേഴ്‌സിലെത്തിയ ഹ്യൂം അടുത്ത രണ്ട് സീസണുകളില്‍ കൊല്‍ക്കത്തയിലാണ് കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!