
പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടി പ്രധാനമന്ത്രി പദത്തിലേക്ക് നടന്നടുക്കുകയാണ് ഇമ്രാന്‍ ഖാന്‍. ക്രിക്കറ്ററെന്ന നിലയില്‍ നിന്ന് ഒരു രാജ്യത്തിന്‍റെ പരമാധികാര പദത്തിലേക്ക് ചുവടുവയ്ക്കുന്ന ആദ്യത്തെ വ്യക്തി എന്ന നിലയിലും ഇമ്രാന്‍റെ പേരിന് ചരിത്രത്തില്‍ മാറ്റ് കൂടും. 1992 ല്‍ ലോകകപ്പ് നേടി കൊടുത്ത നായകനായതോടെയാണ് ഇമ്രാന്‍ പാക്കിസ്ഥാനില്‍ ജനകീയനാകുന്നത്. പിന്നീട് കളിക്കളത്തില്‍ നിന്നും രാഷ്ട്രീയ കളരിയിലേക്ക് ചുവടുവച്ചപ്പോഴും ഉന്നം തെറ്റാത്ത യോര്‍ക്കറുകളിലൂടെ പാക്കിസ്ഥാന്‍റെ അധികാരം തന്നെ പിടിച്ചെടുക്കുന്ന ഇമ്രാനെ കുറിച്ച് ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച നായകന്‍ കപില്‍ ദേവിന് ഏറെ പറയാനുണ്ട്.
ക്രിക്കറ്റ് ലോകത്ത് കപിലിനും ഇമ്രാനും സമാനതകള്‍ ഏറെയാണ്. രണ്ടുപേരും ലോകം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ മുന്നിലാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും അത്ഭുതം കാട്ടിയിട്ടുള്ള പ്രതിഭകള്‍. ടീമിന് പ്രചോദനം പകര്‍ന്നു നല്‍കിയ നായകന്‍മാര്‍. 1983 ല്‍ കപിലിന്‍റെ ചെകുത്താന്‍മാര്‍ ഇന്ത്യക്കു വേണ്ടി ആദ്യമായി വിശ്വ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ 92 ല്‍ ഇമ്രാന്‍റെ പട്ടാളമാണ് ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട പാക്ക് സംഘം.
1980 കള്‍ ലോകക്രിക്കറ്റിലെ സുവര്‍ണകാലഘട്ടങ്ങളിലൊന്നാണ്. വിവിയന്‍ റിച്ചാര്‍ഡ്സ്, ജാവേദ് മിയാന്‍ദാദ്, മാര്‍ട്ടിന്‍ ക്രോ തുടങ്ങി നിരവധി പ്രതിഭകള്‍ ബാറ്റ് കൊണ്ട് വിസ്മയം തീര്‍ത്തപ്പോള്‍ മാല്‍ക്കം മാര്‍ഷല്‍, മൈക്കെല്‍ ഹോള്‍ഡിംഗ്, വസിം അക്രം, ബോബ് വില്ലിസ് എന്നിവര്‍ പന്തുകൊണ്ട് മായാജാലം കാട്ടിയിരുന്നു. എന്നാല്‍ ആ കാലഘട്ടത്തെ സുന്ദരമാക്കിയത് പന്ത് കൊണ്ടും ബാറ്റ് കൊണ്ടും എതിരാളികളെ നിഷ്പ്രഭരാക്കിയ 4 പേരായിരുന്നു.
റിച്ചാര്‍ഡ് ഹാഡ്ലി, കപില്‍ ദേവ്, ഇയാന്‍ ബോതം. ഇമ്രാന്‍ ഖാന്‍ ലോകക്രിക്കറ്റില്‍ ഇത്രയേറെ ഓള്‍റൗണ്ടര്‍മാര്‍ നിറഞ്ഞു നിന്ന മറ്റൊരു കാലമില്ലെന്ന് നിസംശയം പറയാം. കപിലും ഇമ്രാനും നായകന്‍മാരെന്ന നിലയിലും വിശ്വ വിജയം പിടിച്ചെടുത്തവരാണ്. ഒരേ കാലത്ത് ഒരു പോലെ കളിച്ച രണ്ട് പേരില്‍ ഒരാള്‍ രാഷ്ട്രീയത്തിലെ ഗംഭീര വിജയം നേടി പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുമ്പോള്‍ മറ്റേയാള്‍ക്ക് ഒരു പാട് പറയാനുണ്ടാകും. ക്രിക്കറ്റിലെ ചിര വൈരികളെന്ന ഖ്യാതിയുള്ള അയല്‍ക്കാര്‍ കൂടിയാകുമ്പോള്‍ ആ വാക്കുകളുടെ പ്രസക്തി വര്‍ദ്ദിക്കും.
ഇമ്രാന്‍റെ വിജയത്തെക്കുറിച്ച് വര്‍ണിക്കാന്‍ കപിലിന് ആയിരം നാവാണ്. പ്രതിഭകളുണ്ടായിട്ടും ലക്ഷ്യ ബോധമില്ലാതിരുന്ന പാക്കിസ്ഥാനെ വിജയികളുടെ സംഘമാക്കി മാറ്റി വിശ്വ കിരീടം വെട്ടിപിടിച്ച ഇമ്രാന്‍ രാഷ്ട്രീയ രംഗത്തെ പാക്കിസ്ഥാന്‍റെ അനിശ്ചിതത്വത്തിനും അവസാനം കാണുമെന്ന് കപില്‍ ഉറച്ച് വിശ്വസിക്കുന്നു. ആ കരുത്തും കഴിവും തന്നെയാണ് ഇമ്രാന്‍റെ കൈമുതലെന്നും രാഷ്ട്രീയ വിജയത്തിന്‍റെ കാരണമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ ചൂണ്ടികാട്ടി.
ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇമ്രാന്‍റെ വിജയത്തില്‍ അഭിമാനമുണ്ടെന്നും പാക്കിസ്ഥാന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും കപില്‍ പ്രത്യാശിച്ചു. ഇമ്രാന്‍റെ വിജയത്തില്‍ വ്യക്തിപരമായി സന്തോഷമുണ്ട്. നായകഗുണം ഒട്ടേറുയുള്ള വ്യക്തിയാണ് ഇമ്രാന്‍. ആ ഗുണഗണങ്ങള്‍ താന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ വിജയികളുടെ സംഘമാക്കിയ കാര്യം തന്നെ പരിശോധിച്ചാല്‍ അത് ബോധ്യമാകും. രാഷ്ട്രീയത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇമ്രാന് ചെയ്യാന്‍ സാധിക്കുമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി പ്രശ്നങ്ങളുടെ പേരില്‍ മുടങ്ങിയ ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധം ശരിയാക്കുന്നതിന് മുന്‍കൈ എടുക്കാന്‍ ഇമ്രാന് സാധിക്കുമെന്നും ഇന്ത്യയുടെ ഇതിഹാസ നായകന്‍ പ്രത്യാശിച്ചു. കായിക താരം ആയതിനാല്‍ തന്നെ അക്കാര്യം ഇമ്രാന്‍റെ അജണ്ടയിലുണ്ടാകും. ഇന്ത്യാ പാക് സമാധാന ശ്രമങ്ങള്‍ക്ക് ഇമ്രാന്‍റെ സ്ഥാനാരോഹണം ഗുണമാകുമെന്നും കപില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!