
കൊച്ചി: കൊവിഡ് പ്രതിരോധ പോരാട്ടത്തിൽ കേരള സർക്കാരിനെ പിന്തുണയ്ക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 200 മില്ലിഗ്രാമിന്റെ 1,50,000 ഹൈഡ്രോക്സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾകൂടി സർക്കാരിന് സംഭാവന ചെയ്തു. നേരത്തെ സംഭാവന ചെയ്ത 1,00,000 ഗുളികൾക്ക് പുറമെയാണിത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീം ഒഫീഷ്യൽസ് ഹൈഡ്രോക്സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ മന്ത്രി ഇ പി ജയരാജന് കൈമാറി. ഇതോടെ ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെ ക്രമീകരിച്ച ഈ രണ്ടര ലക്ഷം ഗുളികകൾ സംസ്ഥാനത്തെ 25,000ത്തോളം മുൻനിര ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധമായി വർത്തിക്കും.
ഈ മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന എല്ലാ മുൻനിര ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുമായി, ക്ലബ്ബിന്റെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പേജുകൾ വഴി കെബിഎഫ്സി '#സല്യൂട്ട്അവർഹീറോസ്' എന്ന പേരിൽ ഒരു ക്യാംപെയ്ൻ ആരംഭിച്ചു.
രണ്ട് ഭാഗങ്ങളായിട്ടാണ് ക്യാംപെയ്ൻ. ബ്ലാസ്റ്റേഴ്‌സിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ, കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കേരളത്തിലെ മുൻനിര പ്രവർത്തകരുടെ സംഭാവനകളെ മാനിക്കുന്നതിനും ആദരിക്കുന്നതിനുമായി അവരുടെ ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു പ്രതിവാര കോളമാണ് ക്യാംപെയ്ൻ.
രണ്ടാമതായി, ഹീറോകൾക്ക് പരസ്യമായി നന്ദി പറയാൻ ആരാധകരെ അനുവദിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം ഫിൽട്ടറും ആരംഭിച്ചു. ഏഴ് ദിവസത്തിനുള്ളിൽ കെബിഎഫ്‌സി പ്ലാറ്റ്ഫോമുകളിലൂടെ ഇത് മൂന്ന് ദശലക്ഷം ആരാധകരിൽ എത്തിയെന്നത് ശ്രദ്ധേയമാണ്. തുടർന്നും ഇത്തരം നിരവധി സംരംഭങ്ങളുമായി ക്ലബ് ഈ പോരാട്ടത്തിലെ മുൻനിര ജീവനക്കാരെ പിന്തുണയ്ക്കുന്നത് തുടരും.
ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളിൽ സമൂഹത്തിനായി എല്ലാവരെയും ഒരുമിപ്പിക്കുന്നതിനായി പ്രവർത്തിക്കുക എന്നതിലാണ് ഒരു ഫുട്‌ബോൾ ക്ലബിന്റെ സ്പിരിറ്റ് നിലനിൽക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!