രഞ്ജി: വിദര്‍ഭയോട് ഇന്നിങ്‌സ് തോല്‍വി; കേരളം സെമിയില്‍ പുറത്ത്

By Web TeamFirst Published Jan 25, 2019, 1:25 PM IST
Highlights

കേരളത്തെ ഇന്നിങ്‌സിനും 11 റണ്‍സിനും തോല്‍പ്പിച്ച് വിദര്‍ഭ രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സിന് പുറത്താക്കിയതോടെയാണ് വിദര്‍ഭ ഇന്നിങ്‌സ് വിജയം പൂര്‍ത്തിയാക്കിയത്.

കല്‍പ്പറ്റ: കേരളത്തെ ഇന്നിങ്‌സിനും 11 റണ്‍സിനും തോല്‍പ്പിച്ച് വിദര്‍ഭ രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സിന് പുറത്താക്കിയതോടെയാണ് വിദര്‍ഭ ഇന്നിങ്‌സ് വിജയം പൂര്‍ത്തിയാക്കിയത്. സ്‌കോര്‍ കേരളം: 106, 92. വിദര്‍ഭ: 208. അഞ്ച് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ യഷ് ഠാകൂറുമാണ് കേരളത്തെ തകര്‍ത്തത്. ഉമേഷ് 12 വിക്കറ്റുകളാണ് ഒന്നാകെ വീഴ്ത്തിയത്. 36 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തികാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 

ഒരു ഘട്ടത്തില്‍ 59ന് ഒന്ന എന്ന ശക്തമായ നിലയിലായിരുന്നു കേരളം. അവിടെ നിന്നാണ് 32 റണ്‍സിനിടെ കേരളത്തിന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായത്. അരുണ്‍ കാര്‍ത്തിക് (36), ജലജ് സക്‌സേന (7), വിഷ്ണു വിനോദ് (15), സച്ചിന്‍ ബേബി (0), മുഹമ്മദ് അസറുദ്ദീന്‍ (1), വിനൂപ് (5), പി. രാഹുല്‍ (1), സിജോമോന്‍ ജോസഫ് (17), ബേസില്‍ തമ്പി (2), നിതീഷ് (3)  എന്നിങ്ങനെയാണ് കേരള താരങ്ങളുടെ സ്കോറുകള്‍. സന്ദീപ് വാര്യര്‍ (4) പുറത്താവാതെ നിന്നു.

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സകോറായ 106നെതിരെ വിദര്‍ഭ 208ന് പുറത്തായിരുന്നു. സന്ദീപ് വാര്യറുടെ അഞ്ചും ബേസില്‍ തമ്പിയുടെ മൂന്നും വിക്കറ്റാണ് വിദര്‍ഭയെ പിടിച്ചുനിര്‍ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ 102 റണ്‍സിന്റെ ലീഡാണ് നേടിയത്. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 208ന് അവസാനിച്ചു. 

175ന് അഞ്ച് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭ 33 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. കേരളം ഒന്നാം ഇന്നിങ്‌സില്‍ 106 റണ്‍സാണ് നേടിയത്. സന്ദീപ് വാര്യരുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വലിയ ലീഡിലേക്ക് പോകുന്നതില്‍ നിന്ന് വിദര്‍ഭയെ പിടിച്ചു നിര്‍ത്തിയത്. ബേസില്‍ തമ്പി മൂന്നും നിതീഷ് രണ്ടും വിക്കറ്റ് വീഴ്ത്തി.  75 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫൈസ് ഫസലാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. 

ഒരു ഘട്ടത്തില്‍ 170ന് രണ്ട് എന്ന നിലയിലായിരുന്നു വിദര്‍ഭ. എന്നാല്‍ രണ്ട് റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇതോടെ 172ന് ഏഴ് എന്ന നിലയായി. വൈകാതെ 183ന് എട്ടിലേക്കും 194ന് ഒമ്പതിലേക്കും സന്ദര്‍ശകര്‍ വീണു. വാലറ്റത്ത് ഉമേഷ് യാദവ് (പുറത്താവാതെ എട്ട് പന്തില്‍ 17) നടത്തിയ പ്രകടനമാണ് ലീഡ് 100 കടത്തിയത്.

click me!