ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആക്വിബ് നബി തന്റെ അപ്രതീക്ഷിത ഏകദിന അരങ്ങേറ്റത്തെക്കുറിച്ച് മനസ് തുറക്കുന്നു. മികച്ച ആഭ്യന്തര റെക്കോർഡുള്ള താരം ടെസ്റ്റ് ടീമിലേക്കുള്ള വിളിയായിരുന്നു കാത്തിരുന്നത്. ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി.
ഹാമില്‍ട്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അവസരം ലഭിക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്ക് വിളി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആക്വിബ് നബി. ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തിന് മുന്നോടിയായി വെല്ലിംഗ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജമ്മു കശ്മീനിര്‍ നിന്നുള്ള താരം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍... ''ജമ്മു കശ്മീരിന് വേണ്ടി കളിക്കുമ്പോഴെല്ലാം വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ എനിക്ക് മികച്ച റെക്കോര്‍ഡുണ്ട്. എങ്കിലും, സത്യം പറഞ്ഞാല്‍ വൈറ്റ്-ബോള്‍ ടീമിലേക്ക് വിളി വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് ടീമിലേക്കുള്ള വിളിയാണ് ഞാന്‍ കാത്തിരുന്നത്. എന്നിരുന്നാലും, എന്റെ കഴിവുകള്‍ തെളിയിക്കാനുള്ള മികച്ച അവസരമാണിത്.'' ആക്വിബ് നബി പറഞ്ഞു. ഈ വര്‍ഷം ആദ്യം നടന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി നബിക്ക് ആദ്യമായി വിളി ലഭിച്ചിരുന്നെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് സെപ്റ്റംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗുവാഹത്തിയില്‍ നടന്ന മത്സരത്തിലൂടെയാണ് അദ്ദേഹം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ആ മത്സരത്തില്‍ 8.5 ഓവറില്‍ 84 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും നേടാനായില്ല. തുടര്‍ന്ന് ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിലും ഇടംപിടിച്ച നബി, ഓക്ക്ലന്‍ഡില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആറ് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വെല്ലിംഗ്ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കരുത്തുകാണിക്കുകയും ചെയ്തു.
മറ്റ് ഫാസ്റ്റ് ബൗളര്‍മാരെപ്പോലെ വിക്കറ്റ് നേടുമ്പോള്‍ വലിയ ആഘോഷങ്ങള്‍ നടത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പ്രകടനങ്ങളിലൂടെ മറുപടി നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു നബിയുടെ മറുപടി. 'നിശബ്ദമായി നിങ്ങളുടെ ജോലി ചെയ്യുക. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിക്കളത്തില്‍ എന്റെ കഴിവുകള്‍ പുറത്തെടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' അദ്ദേഹം വ്യക്തമാക്കി.
2025-26 രഞ്ജി ട്രോഫി സീസണില്‍ 60 വിക്കറ്റുകളും, കഴിഞ്ഞ രണ്ട് സീസണുകളിലായി ആകെ 104 വിക്കറ്റുകളും വീഴ്ത്തി ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് നബി കാഴ്ചവെച്ചത്. അന്താരാഷ്ട്ര തലത്തില്‍ വിജയിക്കാന്‍ പന്തിന്റെ വേഗത വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, വേഗതയേക്കാള്‍ ഉപരി ആഭ്യന്തര ക്രിക്കറ്റില്‍ തനിക്ക് വിജയം നല്‍കിയ കൃത്യതയിലും കഴിവിലുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി.













