രഞ്ജി: ഉമേഷ് യാദവ് വീണ്ടും, രണ്ടാം ഇന്നിങ്‌സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച

By Web TeamFirst Published Jan 25, 2019, 11:58 AM IST
Highlights

രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്‌ക്കെതിരെ രണ്ടാം ഇന്നിങ്‌സിലും കേരളത്തിന് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആതിഥേയര്‍ ആറിന് 65 എന്ന നിലയിലാണ്. പി. രാഹുല്‍ (0) സിജോമോന്‍ ജോസഫ് (0) എന്നിവരാണ് ക്രീസില്‍.

കല്‍പ്പറ്റ: രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്‌ക്കെതിരെ രണ്ടാം ഇന്നിങ്‌സിലും കേരളത്തിന് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആതിഥേയര്‍ ആറിന് 65 എന്ന നിലയിലാണ്. പി. രാഹുല്‍ (0) സിജോമോന്‍ ജോസഫ് (0) എന്നിവരാണ് ക്രീസില്‍. അരുണ്‍ കാര്‍ത്തിക് (36), ജലജ് സക്‌സേന (7), വിഷ്ണു വിനോദ് (15), സച്ചിന്‍ ബേബി (0), മുഹമ്മദ് അസറുദ്ദീന്‍ (1), വിനൂപ് (5) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഉമേഷ് യാദവ് മൂന്നും യഷ് ഠാകൂര്‍ രണ്ടും വിക്കറ്റുകള്‍ നേടി. 

ഒരു ഘട്ടത്തില്‍ 59ന് ഒന്ന എന്ന ശക്തമായ നിലയിലായിരുന്നു കേരളം. എന്നാല്‍ ഏഴ് റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സകോറായ 106നെതിരെ വിദര്‍ഭ 208ന് പുറത്തായിരുന്നു. സന്ദീപ് വാര്യറുടെ അഞ്ചും ബേസില്‍ തമ്പിയുടെ മൂന്നും വിക്കറ്റാണ് വിദര്‍ഭയെ പിടിച്ചുനിര്‍ത്തിയത്. 

ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ 102 റണ്‍സിന്റെ ലീഡാണ് നേടിയത്. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 208ന് അവസാനിച്ചു. 175ന് അഞ്ച് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭ 33 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. കേരളം ഒന്നാം ഇന്നിങ്‌സില്‍ 106 റണ്‍സാണ് നേടിയത്. സന്ദീപ് വാര്യരുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വലിയ ലീഡിലേക്ക് പോകുന്നതില്‍ നിന്ന് വിദര്‍ഭയെ പിടിച്ചു നിര്‍ത്തിയത്. ബേസില്‍ തമ്പി മൂന്നും നിതീഷ് രണ്ടും വിക്കറ്റ് വീഴ്ത്തി.  75 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫൈസ് ഫസലാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. 

ഒരു ഘട്ടത്തില്‍ 170ന് രണ്ട് എന്ന നിലയിലായിരുന്നു വിദര്‍ഭ. എന്നാല്‍ രണ്ട് റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇതോടെ 172ന് ഏഴ് എന്ന നിലയായി. വൈകാതെ 183ന് എട്ടിലേക്കും 194ന് ഒമ്പതിലേക്കും സന്ദര്‍ശകര്‍ വീണു. വാലറ്റത്ത് ഉമേഷ് യാദവ് (പുറത്താവാതെ എട്ട് പന്തില്‍ 17) നടത്തിയ പ്രകടനമാണ് ലീഡ് 100 കടത്തിയത്.

click me!