സ്വിച്ച് ഹിറ്റുകള്‍ക്ക് വിരാമം; പീറ്റേഴ്സണ്‍ വിരമിക്കുന്നു

By Web DeskFirst Published Feb 21, 2018, 4:53 PM IST
Highlights

ലണ്ടന്‍: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ കെവിന്‍ പീറ്റേഴ്സണ്‍. വരാനിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗോടെ ക്രിക്കറ്റിനോട് വിടപറയുമെന്ന് 37കാരനായ പീറ്റേഴ്സണ്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനായി 104 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8181 റണ്‍സും 136 ഏകദിനങ്ങളില്‍ 4440 റണ്‍സും നേടിയിട്ടുണ്ട്. 

ടെസ്റ്റില്‍ 23 സെഞ്ചുറിയും ഏകദിനത്തില്‍ ഒമ്പത് സെഞ്ചുറിയും കെപി സ്വന്തമാക്കി. 2004ല്‍ സിംബാബ്‌വെയ്ക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പീറ്റേഴ്സണ്‍ ലോക ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്സ്മാനായി പേരെടുത്തു. ലോകത്തെ മികച്ച ഫീള്‍ഡര്‍മാരില്‍ ഒരാളെന്ന വിശേഷണവും പീറ്റേഴ്‌സണുണ്ട്. സ്വിച്ച് ഹിറ്റുകളിലൂടെയാണ് പീറ്റേഴ്സണ്‍ കളിപ്രേമികള്‍ക്ക് പ്രിയങ്കരനായത്.

ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാനായിരുന്നു‍.എന്നാല്‍ 2014 ലെ ആഷസ് പരമ്പരയ്ക്കിടെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന താരം വിവിധ ടി20 ലീഗുകളില്‍ സജീവമായിരുന്ന. അവസാന ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകരെ ത്രസിപ്പിച്ച് നില്‍ക്കവേയാണ് കെപിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

click me!