'തന്നെ മികവിലേക്കുയര്‍ത്തിയത് ആ താരം'; രഹസ്യം വെളിപ്പെടുത്തി ഋഷഭ് പന്ത്

By Web TeamFirst Published Feb 16, 2019, 4:44 PM IST
Highlights

ഇംഗ്ലണ്ട് പര്യടനത്തില്‍ വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്ത് മോശം പ്രകടനമാണ് കാഴ്‌ചവെച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ പന്തിന്‍റെ കൈകള്‍ ഇന്ത്യയുടെ സേഫ് ഹാന്‍ഡായി

ദില്ലി: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോഴും വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്ത് മോശം പ്രകടനമാണ് കാഴ്‌ചവെച്ചത്. ഇംഗ്ലീഷ് പിച്ചുകളിലെ പേസും ബൗണ്‍സുമായി പൊരുത്തപ്പെടാന്‍ യുവ താരത്തിനായില്ല. പന്തുകള്‍ കൈകള്‍ക്കിടയിലൂടെ ബൗണ്ടറിയിലെത്തി. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിക്കറ്റ് പിന്നില്‍ അടവുകള്‍ പഠിച്ച താരമായാണ് ഋഷഭ് പന്തിനെ കണ്ടത്.

ഓസ്‌‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് നടത്തിയ തയ്യാറെടുപ്പുകളാണ് പന്തിനെ രക്ഷിച്ചത്. പന്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഇംഗ്ലണ്ടില്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുക പ്രയാസകരമാണ്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയുടെ കീഴില്‍ പരിശീലനം നടത്തി. കൈകളുടെ പൊസിഷനിലും സ്റ്റാന്‍സിലും ചില മാറ്റങ്ങള്‍ കൊണ്ടുവന്നു'- വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഋഷഭ് പന്ത് പറ‌ഞ്ഞു. 

ഓസ്‌ട്രേലിയയില്‍ ഋഷഭ് പന്ത് 20 ക്യാച്ചുകള്‍ സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന- ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

click me!