ഇറാനി ട്രോഫി കിരീടം വിദര്‍ഭക്ക്, സമ്മാനത്തുക പുല്‍വാമയില്‍ മരിച്ച സൈനികരുടെ കുടംബത്തിന്

By Web TeamFirst Published Feb 16, 2019, 4:09 PM IST
Highlights

വിദര്‍ഭക്ക് മുന്നില്‍ 280 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച റെസ്റ്റ് ഓഫ് ഇന്ത്യ നായകന്‍ അജിങ്ക്യാ രഹാനെ മത്സരം ആവേശകരമാക്കിയെങ്കിലും വിദര്‍ഭക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു.

നാഗ്പൂര്‍: ഇറാനി ട്രോഫി കിരീടം രഞ്ജി ചാമ്പ്യന്‍മാരായ വിദര്‍ഭയ്ക്ക്. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിലാണ് വിദര്‍ഭ കിരീടം നേടിയത്. റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 330 റണ്‍സിന് മറുപടിയായി വിദര്‍ഭ 425 റണ്‍സടിച്ചിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ശക്തമായി തിരിച്ചടിച്ച റെസ്റ്റ് ഓഫ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു.

വിദര്‍ഭക്ക് മുന്നില്‍ 280 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച റെസ്റ്റ് ഓഫ് ഇന്ത്യ നായകന്‍ അജിങ്ക്യാ രഹാനെ മത്സരം ആവേശകരമാക്കിയെങ്കിലും വിദര്‍ഭക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. 87 റണ്‍സടിച്ച ഗണേഷ് സതീഷും 72 റണ്‍സടിച്ച അഥര്‍വ ടൈഡയും ചേര്‍ന്നാണ് വിദര്‍ഭക്ക് സമനില സമ്മാനിച്ചത്. സ്കോര്‍ റെസ്റ്റ് ഓഫ് ഇന്ത്യ 330, 374/3, വിദര്‍ഭ 425, 269/5.

നേരത്തെ 180 റണ്‍സുമായി പുറത്താകാതെ നിന്ന ഹനുമാ വിഹാരിയും 87 റണ്‍സടിച്ച ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും 61 റണ്‍സുമാിയ പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുമാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ ഉറപ്പാക്കിയത്. വിദര്‍ഭയുടെ തുടര്‍ച്ചയായ രണ്ടാം ഇറാനി ട്രോഫി കിരീടമാണിത്.

മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ സമ്മാനത്തുക പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുമെന്ന് വിദര്‍ഭ നായകന്‍ ഫയിസ് ഫൈസല്‍ വ്യക്തമാക്കി.

click me!