പഞ്ചാബിനെ തകര്‍ത്ത് കൊല്‍ക്കത്ത ഒന്നാമത്

By Web DeskFirst Published May 4, 2016, 6:19 PM IST
Highlights

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ഏഴു റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോയന്റ് പട്ടികയില്‍ ഗുജറാത്ത് ലയണ്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി.  165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനെ ആന്ദ്ര റസലിന്റെ മാസ്മരിക ബൗളിംഗ് മികവിലാണ് കൊല്‍ക്കത്ത മറികടന്നത്. അവസാന ഓവറില്‍ നാലു വിക്കറ്റ് ശേഷിക്കെ 12 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ റസല്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടമാക്കിയ പഞ്ചാബിന് നാലു റണ്‍സെ എടുക്കാനായുള്ളു. മത്സരത്തിലാകെ നാലോവറില്‍ 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റസല്‍ കളിയിലെ കേമനായി.

തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം വൃദ്ധിമാന്‍ സാഹയും(20 പന്തില്‍ 24) ഗ്ലെന്‍ മാക്സ്‌വെല്ലും(42 പന്തില്‍ 68) നടത്തിയ ചെറുത്തുനില്‍പ്പാണ് പഞ്ചാബിനെ വിജയത്തിനടുത്തെത്തിച്ചത്. എന്നാല്‍ പതിനാറാം ഓവറില്‍ മാക്സ്‌വെല്ലിനെ പിയൂഷ് ചൗള വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പഞ്ചാബിന്റെ വിജയത്തിലേക്കുള്ള വഴി അടഞ്ഞു. ഗുര്‍കീരത് സിംഗും(11) ആക്ഷര്‍ പട്ടേലും(7 പന്തില്‍ 21) അവസാന ഓവറില്‍ റണ്ണൗട്ടാക്കുക കൂടിചെയ്തതോടെ കൊല്‍ക്കത്ത ജയവുമായി മടങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് റോബിന്‍ ഉത്തപ്പയും(49 പന്തില്‍ 70)ക്യാപ്റ്റന്‍ ഗൗതം ഗംഭീറും(45 പന്തില്‍ 54) മിന്നും തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 13.3 ഓവറില്‍ 101 റണ്‍സടിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനാവാഞ്ഞത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. 16 പന്തില്‍ 19 റണ്‍സെടുത്ത യൂസഫ് പത്താന്‍ പുറത്താകാതെ നിന്നപ്പോള്‍ റസല്‍ 10 പന്തില്‍ 16 റണ്‍സെടുത്തു.

click me!