ടി20 ലോകകപ്പിന്‍റെ സെമിഫൈനലിൽ ഇന്ത്യ എത്തില്ലെന്നായിരുന്നു ആമിറിന്‍റെ ആദ്യ പ്രവചനം. എന്നാൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിലെത്തിയതോടെ കൈഫ് ആമിറിനെതിരെ രംഗത്തെത്തി.

ലാഹോർ: മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിറും തമ്മിലുള്ള വാക് പോര് മുറുകുന്നു. ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ എത്തില്ലെന്ന ആമിറിന്‍റെ പ്രവചനം തെറ്റിയതോടെയാണ് തർക്കങ്ങളുടെ തുടക്കം. ആമിർ 'ശ്രദ്ധ പിടിച്ചുപറ്റാൻ'ശ്രമിക്കുകയാണെന്ന കൈഫിന്‍റെ പരിഹാസത്തിന് കടുത്ത ഭാഷയിലാണ് ആമിർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

ടി20 ലോകകപ്പിന്‍റെ സെമിഫൈനലിൽ ഇന്ത്യ എത്തില്ലെന്നായിരുന്നു ആമിറിന്‍റെ ആദ്യ പ്രവചനം. എന്നാൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിലെത്തിയതോടെ കൈഫ് ആമിറിനെതിരെ രംഗത്തെത്തി. വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ വേണ്ടിയാണ് ആമിർ ഇങ്ങനെയൊക്കെ പറയുന്നതെന്നും പാകിസ്ഥാൻ താരങ്ങളുടെ ഇത്തരം അഭിപ്രായങ്ങൾക്ക് ആരാധകർ വില നൽകേണ്ടതില്ലെന്നും കൈഫ് തുറന്നടിച്ചു.

എന്നാല്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ആമിർ കൈഫിന് മറുപടി നൽകിയത്. കൈഫിന്‍റെ ക്രിക്കറ്റ് കരിയറിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ആമിറിന്‍റെ പ്രതികരണം. മിസ്റ്റർ കൈഫ്, നിങ്ങളുടെ സ്റ്റാറ്റിറ്റിക്സ് ഞാൻ പരിശോധിച്ചു. ഐപിഎല്ലിൽ ആകെ 29 മത്സരങ്ങൾ മാത്രമാണ് നിങ്ങൾ കളിച്ചത്. സ്ട്രൈക്ക് റേറ്റ് വെറും 103, ഞാൻ ശ്രദ്ധ പിടിച്ചുപറ്റാൻ ഇന്ത്യയെക്കുറിച്ച് സംസാരിക്കേണ്ട കാര്യമില്ല. ഞാൻ 350-ലേറെ ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞാൻ ക്രിക്കറ്റ് കളിച്ചത് വെറും ഫീൽഡിംഗ് മാത്രം വെച്ചല്ല, മികച്ച പ്രകടനം നടത്തിയാണ്- ആമിർ പറഞ്ഞു.

സൗരവ് ഗാംഗുലി കാരണമാണ് കൈഫ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതെന്നും ആമിർ പരിഹസിച്ചു. നിങ്ങൾ ദാദയോട് നന്ദി പറയണം. ഫീൽഡിംഗ് മോശമല്ലാത്തതുകൊണ്ട് മാത്രം ടീമിലെടുത്ത ആളാണ് നിങ്ങളെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. എന്നും ആമിർ കൂട്ടിച്ചേർത്തു.

ഇന്ത്യ സെമിയിൽ എത്തിയതോടെ തന്‍റെ നിലപാട് മാറ്റിയ ആമിർ, ഇന്ത്യ ഫൈനലിൽ എത്തില്ലെന്ന് വീണ്ടും പ്രവചിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതോടെ ആമിറിന്റെ രണ്ടാം പ്രവചനവും പാളിയിരിക്കുകയാണ്. മാർച്ച് 8-ന് അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. രോഹിത് ശർമ്മയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമെല്ലാാം ഉണ്ടായിരുന്നപ്പോൾ ഇന്ത്യയായിരുന്നു തന്‍റെ ഫേവറിറ്റുകൾ എന്നും എന്നാൽ ഇപ്പോഴത്തെ ടീമിനെ അങ്ങനെ കാണുന്നില്ലെന്നുമാണ് ആമിർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക