പരീക്ഷിച്ച് ജയിച്ചത് ധോണിയുടെ തന്ത്രമെന്ന് കോഹ്ലി

By Web DeskFirst Published Feb 2, 2017, 11:48 AM IST
Highlights

ബംഗലൂരു:  പരമ്പരയില്‍ ഏറെ നിര്‍ണ്ണായകമായ അവസാന ട്വന്റി20 മത്സരം ടീമിനെ ജയിപ്പിച്ചത് മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനിയുടെ തീരുമാനമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. നിര്‍ണ്ണായകമായ സമയത്ത് തീരുമാനം എടുക്കാനുള്ള വിദ്യ താന്‍ പഠിച്ചത് തന്റെ മുന്‍ഗാമിയായ ധോനിയില്‍ നിന്നു തന്നെയാണെന്നും അവസാന മത്സരത്തില്‍ അവസാന ഓവറില്‍ ബുമ്രയെ പന്തേല്‍പ്പിക്കാന്‍ പറഞ്ഞത് ധോനിയുടെ ഇടപെടലായിരുന്നെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി.

യസ്‌വേന്ദ്ര ചഹാലിന്റെ ക്വോട്ട പൂര്‍ത്തിയായ ശേഷം ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടു ബൗള്‍ ചെയ്യിക്കാനായിരുന്നു താന്‍  ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ബുംമ്രയെ പന്ത് ഏല്‍പ്പിക്കാനായിരുന്നു ധോനിയും നെഹ്രയും പറഞ്ഞത്. അക്കാര്യം അനുസരിച്ച് താന്‍ പന്ത് ബുമ്രയ്ക്കു നല്‍കുകയും മൂന്ന പന്തുകള്‍ക്കിടയില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ബുമ്ര കളി തീര്‍ക്കുകയും ചെയ്തു. മത്സരം 75 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1 ന്റെ വിജയം നേടുകയും ചെയ്തു. 

ടെസ്റ്റില്‍ നായനായിരുന്ന താന്‍ ഏകദിനത്തിലും ട്വന്റി20 യിലേക്കും എത്തിയത് വളരെ പെട്ടെന്നായിരുന്നു. നായകന്‍ എന്ന പദവി തനിക്ക് പുതുമയല്ല. പക്ഷേ ചെറിയ മത്സരങ്ങളില്‍ നയിക്കുന്ന കാര്യത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി എടുക്കാന്‍ കഴിവ് ആവശ്യമാണ്. ഇക്കാര്യത്തില്‍ ഏറെ സഹായിക്കുന്നത് എംഎസ് ധോനിയാണ്. അതുകൊണ്ടു തന്നെ നായകന്‍ എന്ന നിലയില്‍ താന്‍ ധോനിയുടെ പ്രവര്‍ത്തി പരിചയത്തെ മതിക്കുന്നെന്നും നിര്‍ണ്ണായകമായ സമയത്ത് അദ്ദേഹം എടുക്കുന്ന തീരുമാനം തെറ്റായിരിക്കില്ലെന്നും കോഹ്‌ലി പറഞ്ഞു. 

ഇന്ത്യന്‍ ടീമിന് പെട്ടെന്ന് മികവിലേക്ക് ഉയരുന്ന അനേകം പ്രതിഭകളുണ്ട്. ടെസ്റ്റ് കളിക്കുന്ന ടീം താരതമ്യേനെ മികച്ചതാണ്. ഏകദിനത്തിലും പരിചയസമ്പന്നരായ മൂന്നോ നാലോ കളിക്കാരുണ്ട്. ബാക്കി എല്ലാവരും പുതിയതാണ്. വ്യക്തിഗത മികവിന് പകരം ടീം എന്ന നിലയില്‍ യുവാക്കള്‍ക്ക് ജയിക്കാന്‍ ദാഹമുണ്ടെന്നും ഇത് ഇന്ത്യന്‍ ടീമിന് ഗുണകരമാകുമെന്നും കോഹ്‌ലി പറഞ്ഞു. അതേസമയം ബാറ്റിംഗില്‍ പരാജയപ്പെട്ടത് ഇംഗ്‌ളണ്ട് ടീമിനെ ഐപിഎല്ലില്‍ വിലയിടിയാന്‍ കാരണമാകില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.

click me!