
കെന്‍സിംഗ്ടണ്‍: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തലതാഴ്ത്തിയപ്പോഴും തല ഉയര്‍ത്തി നിന്ന് ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ്. പരമ്പരയിലെ ടോപ് സ്കോററായ കോലി ഒപ്പം ഇംഗ്ലണ്ടിലെ മോശം റെക്കോര്‍ഡിന്റെ നാണക്കേടും കഴുകിക്കളഞ്ഞു. റണ്‍വേട്ടക്കൊപ്പം നിരവധി റെക്കോര്‍ഡുകളും കോലി സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 49 റണ്‍സടിച്ച് പുറത്തായ കോലി രാജ്യാന്തര ക്രിക്കറ്റില്‍ 18000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു.
അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കോലി ഇതോടെ സ്വന്തം പേരിലാക്കിയത്. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 കളിലായി 344 മത്സരങ്ങളിലെ 382 ഇന്നിംഗ്സില്‍ നിന്നാണ് കോലി ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തില്‍ കോലി പിന്നിലാക്കിയതാകട്ടെ ഇതിഹാസതാരങ്ങളായ ബ്രയാന്‍ ലാറ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ് തുടങ്ങിയവരെയും. ലാറ 335 മത്സരങ്ങില്‍ 411 ഇന്നിംഗ്സില്‍ നിന്നാണ് 18000 റണ്‍സ് തികച്ചത്.
സച്ചിന്‍ 367 മത്സരങ്ങളില്‍ 412 ഇന്നിംഗ്സില്‍ നിന്നും റിക്കി പോണ്ടിംഗ് 358 മത്സരങ്ങളില്‍ 422 ഇന്നിംഗ്സില്‍ നിന്നുമായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ 18000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 375 മത്സരങ്ങളില്‍ 434 ഇന്നിംഗ്സില്‍ നിന്നാണ് ഡിവില്ലിയേഴ്സ് 18000 റണ്‍സിലെത്തിയത്.
അതേസമയം, ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം ഇപ്പോഴും സച്ചിന്‍ തന്നെയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ 18000 റണ്‍സ് തികക്കുമ്പോള്‍ സച്ചിന് 28 വയസും 233 ദിവസുമാണ് പ്രായം. പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായ കോലിക്കാകട്ടെ 29 വയസും 306 ദിവസും. കോലിക്ക് പുറമെ മൂന്ന് ഇന്ത്യക്കാര്‍ മാത്രമാണ് രാജ്യാന്തര ക്രിക്കറ്റില്‍ 18000 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. സച്ചിന്‍(34,357), ദ്രാവിഡ്(24,208), ഗാംഗുലി(18,575) എന്നിവരാണ് ഈ മൂന്നുപേര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒമ്പത് ഇന്നിംഗ്സില്‍ നിന്ന് 65.88 റണ്‍സ് ശരാശരിയില്‍ 593 റണ്‍സാണ് കോലിയുടെ ഇതുവരെയുള്ള സമ്പാദ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!