
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെ കീഴടക്കി ടി20 പരമ്പര സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായത് ജസ്‌പ്രീത് ബൂമ്ര. രണ്ടോവറില്‍ 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ബൂമ്രയുടെയും രണ്ടോവറില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 8 റണ്‍സ് മാത്രം വഴങ്ങിയ ചാഹലിന്റെ ബൗളിംഗുമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.
രണ്ടാം ഓവറില്‍ കഴിഞ്ഞ കളിയിലെ സെഞ്ചുറി വീരന്‍ കോളിന്‍ മണ്‍റോയെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച ബൂമ്ര നിര്‍ണായക ഏഴാം ഓവറില്‍ അപകടകാരിയായ നിക്കോള്‍സിനെയും മടക്കി. മത്സരശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെയും കാണികളെയും കോലി പ്രശംസിച്ചു. മഴ തുടര്‍ന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികള്‍ തീര്‍ച്ചയായും മത്സരം അര്‍ഹിച്ചിരുന്നുവെന്ന് കോലി പറഞ്ഞു. ഇവിടെ കൂടുതല്‍ മത്സരങ്ങള്‍ നടക്കാത്തതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും കോലി വ്യക്തമാക്കി. മനോഹരമായ സ്റ്റേഡിയവും ഔട്ട് ഫീല്‍ഡുമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേതെന്നും കാണികളുടെ പിന്തുണയെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കോലി പറഞ്ഞു.
അവസാന ഓവറില്‍ ബൗള്‍ ചെയ്യുന്നതിനിടെ ഹര്‍ദ്ദീകിന് പരിക്കേറ്റപ്പോള്‍ ശേഷിക്കുന്ന നാലു പന്തുകള്‍ താന്‍ എറിയേണ്ടിവരുമോ എന്ന് ആശങ്കപ്പെട്ടിരുന്നുവെന്നും അങ്ങനെവന്നാല്‍ പരമ്പരയുടെ കാര്യം എന്താവും എന്ന് അറിയാമല്ലോ എന്നും കോലി തമാശയായി പറഞ്ഞു. പരിശീലനസമയത്ത് ഇടംകൈ കൊണ്ട് പന്തെറിഞ്ഞിരുന്നുവെങ്കിലും തന്റെ വലംകൈ ബൗളിംഗില്‍ പോലും തനിക്ക് അത്ര വിശ്വാസമില്ലെന്നും കോലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!