ഇന്ത്യയുടെ ബെന്‍ സ്റ്റോക്സ് ആണ് ഹര്‍ദ്ദിക് പാണ്ഡ്യ

By web deskFirst Published Jul 29, 2017, 9:25 PM IST
Highlights

ഗോള്‍: ഹര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ ബെന്‍ സ്റ്റോക്സെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. ഗോളിലവസാനിച്ച ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പാണ്ഡ്യ 49 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സുകളുമുള്‍പ്പെടെ അര്‍ധ സെഞ്ചുറി നേടിയിരുന്നു. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ മൂന്ന് സിക്സര്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മല്‍സരത്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യ സ്വന്തമാക്കി. ഗോള്‍ ടെസ്റ്റിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ പ്രതികരണം. 

ദീര്‍ഘകാലത്ത കാത്തിരിപ്പിനൊടുവിലാണ് ഫാസ്റ്റ് ബോളറായ ഓള്‍റൗണ്ടറെ ഇന്ത്യക്ക് കിട്ടിയത്. രാജ്യത്തിനായി ടെസ്റ്റ് കളിക്കുന്ന 289മത്തെ താരമാണ് പാണ്ഡ്യ. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ബാറ്റ്സ്മാന്‍ എന്ന ഖ്യാതി പാണ്ഡ്യ ഇതിനകം നേടിയിട്ടുണ്ട്. മഹേന്ദ്രസിംഗ് ധോനിക്കുശേഷം ടീമിലെ ഫിനിഷറുടെ റോള്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഏറ്റെടുത്തു കഴിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്കിടെ പാണ്ഡ്യയെ വിലയേറിയ താരമെന്ന് കോലി വിശേഷിപ്പിച്ചിരുന്നു. 

2011ലാണ് ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് നിരയിലെത്തിയത്. ബോളുകൊണ്ടും ബാറ്റുകൊണ്ടും മല്‍സരം മാറ്റി മറിക്കാന്‍ കഴിവുള്ള താരമാണ് ബെന്‍ സ്റ്റോക്സ്. കഴിഞ്ഞ ഐപിഎല്ലില്‍ കൂറ്റനടികളിലൂടെ ബെന്‍ സ്റ്റോക്സ് മികവ് കാട്ടിയിരുന്നു. ടെസ്റ്റില്‍ 2089 റണ്‍സും 84 വിക്കറ്റുകളും നേടിയിട്ടുണ്ട്. 
 .

click me!