ഓസ്ട്രേലിയയില്‍ പുതിയ റെക്കോര്‍ഡിട്ട് ക്രുനാല്‍ പാണ്ഡ്യ

By Web TeamFirst Published Nov 25, 2018, 5:39 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ നിറം മങ്ങിയപ്പോള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ക്രുനാല്‍ പാണ്ഡ്യയുടെ മറുപടി. ട്വന്റി-20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഓസീസിന്റെ നടുവൊടിച്ച ക്രുനാല്‍ പുതിയ റെക്കോര്‍ഡും കുറിച്ചു.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ നിറം മങ്ങിയപ്പോള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ക്രുനാല്‍ പാണ്ഡ്യയുടെ മറുപടി. ട്വന്റി-20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഓസീസിന്റെ നടുവൊടിച്ച ക്രുനാല്‍ പുതിയ റെക്കോര്‍ഡും കുറിച്ചു.

മത്സരത്തില്‍ നാലോവറില്‍ 36 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യ ഓസ്ട്രേലിയയില്‍ ട്വന്റി-20യില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയത്. വെടിക്കെട്ട് ബാറ്റ്സ്മനായ ഡാര്‍സി ഷോര്‍ട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി തുടങ്ങിയ പാണ്ഡ്യ ഗ്ലെന്‍ മാക്സ്‌വെല്‍, മക്ഡര്‍മോര്‍ട്ട്, കാരി എന്നിവരെയും കൂടാരത്തിലെത്തിച്ചു.

4-0-36-4 now holds the record for the best figures by a spinner in T20Is in Australia 🙌😎 pic.twitter.com/AFtfusuljo

— BCCI (@BCCI)

പരമ്പരയിലെ ആദ്യ കളിയില്‍ നാലോവറില്‍ 55 റണ്‍സ് വഴങ്ങിയ പാണ്ഡ്യ നിര്‍ണായക സമയത്ത് ബാറ്റിംഗിനിറങ്ങി നിറം മങ്ങിയിരുന്നു. ഇതോടെ ക്രുനാലിന് പകരം ചാഹലിനോ വാഷിംഗ്ടണ്‍ സുന്ദറിനോ അവസരം നല്‍കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ മഴ മുടക്കിയ രണ്ടാം കളിയിലും ക്യാപ്റ്റന്‍ കോലി ക്രുനാലിനെ തന്നെ കളിക്കാനിറക്കി.

ക്യാപ്റ്റന്റെ വിശ്വാസം കാത്ത ക്രുനാല്‍ നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുക്കുകയും ചെയ്തു. ഹര്‍ദ്ദീക് പാണ്ഡ്യ പരിക്കേറ്റ് പുറത്തുപോയതോടെയാണ് ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് സഹോദരനായ ക്രനാലിന് അവസരം ഒരുങ്ങിയത്. വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലാണ് ക്രുനാല്‍ ട്വന്റി-20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.

click me!