'ട്രസ്റ്റ് കിംഗ് കോലി'; മൂന്നാം ട്വന്‍റി 20യില്‍ ഓസീസ് ഭസ്മം

By Web TeamFirst Published Nov 25, 2018, 4:55 PM IST
Highlights

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയ വിജയമാണിത്. ഇരുവരും ഓസീസ് ബൗളര്‍മാരെ തളര്‍ത്തിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ തന്നെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

സിഡ്നി: പരമ്പര സമനിലയിലാക്കാമെന്ന ഒറ്റ ലക്ഷ്യം മുന്നില്‍ കണ്ട് സിഡ്നില്‍ മൂന്നാം ട്വന്‍റി 20യില്‍ പോരിനിറങ്ങിയ ഇന്ത്യക്ക് മിന്നും വിജയം. നായകന്‍ വിരാട് കോലിയുടെ അര്‍ധ സെഞ്ച്വറിയും ക്രുനാല്‍ പാണ്ഡ‍്യയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യന്‍ വിജയത്തിന് ചാരുത പകര്‍ന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയത്തിലെത്തി.

താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ഓസീസ് ബൗളര്‍മാരെ തളര്‍ത്തിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ തന്നെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

എന്നാല്‍, സ്റ്റാര്‍ക്കിന് മുന്നില്‍ ധവാന്‍ വീണതോടെ കംഗാരുക്കള്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. അതേ സ്കോറില്‍ തന്നെ സാംപ രോഹിത് ശര്‍മയെയും വീഴ്ത്തി. ധവാന്‍ 41 റണ്‍സെടുത്തപ്പോള്‍ രോഹിത്തിന്‍റെ സമ്പാദ്യം 23 റണ്‍സായിരുന്നു. മൂന്നാമനായി കളത്തിലിറങ്ങിയ നായകന്‍ കോലി ഒരുവശത്ത് പിടിച്ച് നിന്നപ്പോഴും മറുവശത്ത് ഇന്ത്യന്‍ വിക്കറ്റുകള്‍ നിലംപൊത്തി.

കെ.എല്‍. രാഹുലും റിഷഭ് പന്തും പൊരുതാതെ കീഴടങ്ങിയപ്പോള്‍ കളി അല്‍പ നേരം ഓസീസിന്‍റെ നിയന്ത്രണത്തിലായി. രാഹുലിനെ മാക്സ‍വെല്‍ വീഴ്ത്തിയപ്പോള്‍ ആന്‍ഡ്രൂ ടെെയ്ക്ക് മുന്നില്‍ സംപൂജ്യനായാണ് യുവതാരം പന്തിന്‍റെ മടക്കം. എന്നാല്‍, കാര്‍ത്തിക്കും കോലിയും ഒത്തുചേര്‍ന്നതോടെ പതിയെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് വീണ്ടും ചലിച്ച് തുടങ്ങി.

സ്വതസിദ്ധമായ രീതിയില്‍ തന്‍റെ ബാറ്റിംഗ് മികവ് പുറത്തെടുത്ത കോലി അനായാസം അര്‍ധ സെഞ്ച്വറിയിലേക്ക് കുതിച്ചു. അവസാനത്തെ മൂന്ന് ഓവറില്‍ ഇന്ത്യന്‍ വിജയത്തിലേക്ക് 27 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ടെെ എറിഞ്ഞ ഓവറില്‍ കാര്‍ത്തിക് പറത്തിയ പടകൂറ്റന്‍ സിക്സറിന്‍റെ ആവേശത്തില്‍ ഇന്ത്യ 11 റണ്‍സ് അടിച്ചെടുത്തു.

പിന്നീട് ജയം എന്നത് ഓസീസിന് സ്വപ്നം കാണാന്‍ പോലും കൊടുക്കാതെ രണ്ട് പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ ലക്ഷ്യം മറികടന്നു. നീലപ്പടയ്ക്കായി കോലി 61 റണ്‍സടിച്ചപ്പോള്‍ കാര്‍ത്തിക്കിന്‍റെ പേരില്‍ 22 റണ്‍സ് കുറിക്കപ്പെട്ടു. അതേസമയം, നാല് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ഓസീസ് ചങ്കൂറ്റത്തെ പിടിച്ചുകെട്ടിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കംഗാരുക്കള്‍ക്ക് വേണ്ടി ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ജോണ്‍ ഷോര്‍ട്ടും തകര്‍ത്തടിച്ചെങ്കിലും മികച്ച തുടക്കം മുതലാക്കാനാക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല.

8.3 ഓവറില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഓസ്ട്രേലിയയുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 28 റണ്‍സ് നേടിയ ഫിഞ്ചിനെ കുല്‍ദീപ് പാണ്ഡ്യയുടെ കയ്യിലെത്തിക്കുകയായിരുന്നു. പിന്നീട് പാണ്ഡ്യയുടെ അവസരമായിരുന്നു. 33 റണ്‍സ് നേടിയ ഷോര്‍ട്ടിനെ പാണ്ഡ്യ ആദ്യം  വിക്കറ്റിന് മുന്നില്‍ കുടുക്കി.

മക്ഡര്‍മോട്ടിനെ റണ്‍സെടുക്കും മുമ്പെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പാണ്ഡ്യ 13 റണ്‍സെടുത്ത മാക്സ്വെല്ലിനെ രോഹിതിന്‍റെ കയ്യിലുമെത്തിച്ചു. ഓസ്ട്രേലിയയുടെ പ്രത്യാക്രമണത്തിന് ശ്രമിച്ച അലക്സ് കാരെയെ കോലിയുടെ കയ്യിലുമെത്തിച്ച പാണ്ഡ്യ അക്ഷരാര്‍ത്ഥത്തില്‍ ഹിറോയായി.

27 റണ്‍സ് നേടിയാണ് കാരെ മടങ്ങിയത്. 4 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തിയത്. വാലറ്റത്ത് 25 റണ്‍സ് നേടിയ സ്റ്റോയിന്‍സിന്‍റെ പ്രകടനമാണ് കംഗാരുക്കളെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. നീലപ്പടയുടെ വിജയത്തതോടെ ഇന്ത്യ ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പര സമനിലയിലായി. ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം പോരാട്ടം മഴയെടുത്തിരുന്നു.

click me!