ചിന്നസ്വാമിയിലും ഇടമില്ല; പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ സ്റ്റേ‍ഡിയത്തിൽനിന്ന് നീക്കം ചെയ്തു

By Web TeamFirst Published Feb 20, 2019, 12:41 PM IST
Highlights

മുന്‍ പാക് നായകനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍, ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി, ബാറ്റ്സ്മാന്‍ ജാവേദ് മിയാന്‍ദാദ് എന്നിവർ ഉള്‍പ്പടെയുള്ള താരങ്ങളുടെ ചിത്രങ്ങളാണ് ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത്.

ബംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രം സ്റ്റേഡിയങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നത് തുടരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തതായി കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഭാരവാഹികൾ അറിയിച്ചു. 

മുന്‍ പാക് നായകനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍, ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി, ബാറ്റ്സ്മാന്‍ ജാവേദ് മിയാന്‍ദാദ് എന്നിവർ ഉള്‍പ്പടെയുള്ള താരങ്ങളുടെ ചിത്രങ്ങളാണ് ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത്. സൈന്യത്തോട് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചാണ് ഈ നീക്കമെന്ന് കെസിഎ  ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിൽ‌ വ്യക്തമാക്കി.
 
നേരത്തെ പഞ്ചാബിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം, ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയം, ഹിമാചലിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിൽനിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന പതിമൂന്ന് പാക്കിസ്ഥാൻ താരങ്ങളുടെ ചിത്രങ്ങളാണ് ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ നീക്കം ചെയ്തത്. ഇതിന് പിന്നാലെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാൻ കെസിഎ തീരുമാനിച്ചത്. 

മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ലോകകപ്പില്‍  
പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്നും ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ബിസിസിഐയോട് ആവശ്യപ്പെട്ടു. മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലും നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കരുതെന്നും ലോകകപ്പ് തന്നെ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ(പിഎസ്എല്‍) സംപ്രേക്ഷണത്തില്‍ നിന്ന് ഐഎംജി റിലയന്‍സ് പിന്‍മാറിയതിന് പിന്നാലെ ഡിസ്പോര്‍ട്സ് പിഎസ്എല്ലിന്റെ ഇന്ത്യയിലെ സംപ്രേക്ഷണം നിര്‍ത്തിവെച്ചിരുന്നു. 

കശ്മീരിലെ പുൽവാമയിൽ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ചാവേറാണ് അക്രമണം നടത്തിയതെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് കശ്‌മീർ താഴ്‌വരയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡർ അടക്കം നാലു ഭീകരരാണ് കൊല്ലപ്പെട്ടു.17 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. പോരാട്ടത്തിൽ മേജർ ഠൗണ്ഡിയാൽ അടക്കം നാല് ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായി.  

click me!