
കൊല്‍ക്കത്ത: വെറും എട്ടു രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിച്ച പരിചയമേ കുല്‍ദീപ് യാദവിനുള്ളു. എന്നാല്‍ കൊല്‍ക്കത്തയില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തന്റെ ഒമ്പതാം രാജ്യാന്തര മത്സരത്തിനിറങ്ങിയ കുല്‍ദീപ് സ്വന്തമാക്കിയത് കുംബ്ലെയും ഹര്‍ഭജനും അശ്വിനും അടക്കമുള്ള മഹാരഥന്‍മാരായ തന്റെ മുന്‍ഗാമികള്‍ക്കുപോലും സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണ്. ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറെന്ന നേട്ടം. ഏകദിനങ്ങളില്‍ മുമ്പ് ഇന്ത്യക്കായി ചേതന്‍ ശര്‍മയും കപില്‍ ദേവും മാത്രം സ്വന്തമാക്കിയ നേട്ടം.
കൊല്‍ക്കത്തയില്‍ ഓസ്ട്രേലിയന്‍ തകര്‍ച്ച പൂര്‍ണമാക്കിയത് കുല്‍ദീപിന്റെ കറങ്ങിത്തിരിഞ്ഞ പന്തുകളായിരുന്നു. കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി ഗ്ലെന്‍ മാക്സ്‌വെല്‍ രണ്ടു തവണ സിക്സറിന് പറത്തിയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്ത്രപൂര്‍വം കുല്‍ദീപിനെ പിന്‍വലിച്ചു. എന്നാല്‍ 148/5 എന്ന സ്കോറില്‍ ഓസ്ട്രേലിയ പതറി നില്‍ക്കെ കുല്‍ദീപിനെ കോലി തിരിച്ചുവിളിച്ചു.
മാത്യു വെയ്‌ഡിനെയും വാലറ്റത്ത് അത്യാവശ്യം ബാറ്റ് പിടിക്കാനറിയാവുന്ന കോള്‍ട്ടര്‍നൈലിനെയും കമിന്‍സിനെയും വീഴ്‌ത്തിയാണ് കുല്‍ദീപ് കോലിയുടെ വിശ്വാസം കാത്തത്. ഇന്ത്യ ഉയര്‍ത്തിയ 253 രണ്‍സ് വിജയലക്ഷ്യം സ്റ്റോയിനിസിനെപ്പോലൊരു ഓള്‍ റൗണ്ടര്‍ ക്രീസില്‍ നില്‍ക്കെ ഓസീസിന് അപ്രാപ്യമൊന്നുമല്ലായിരുന്നു. അവസാന ബാറ്റ്സ്മാന്‍ കെയ്ന്‍ റിച്ചാര്‍ഡ്സണെ സാക്ഷി നിര്‍ത്തി സ്റ്റോയിനിസ് അത് കാണിച്ചുതരികയും ചെയ്തു. അപ്പോഴാണ് കമിന്‍സിനെയും വെയ്ഡിനെയും കോള്‍ട്ടര്‍നൈലിനെയും വീഴ്‌ത്തിയ കുല്‍ദീപിന്റെ പന്തുകളുടെ വില അറിയുക.
1991ല്‍ കപില്‍ ദേവ് ഹാട്രിക്ക് നേടിയതും ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു.2001ല്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഹര്‍ഭജന്‍ സിംഗ് ഹാട്രിക്ക് നേടിയതും ഈഡനില്‍തന്നെയായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികതയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!