ട്വന്റി-20 റാങ്കിംഗ്; കുല്‍ദീപ് യാദവിന് ചരിത്ര നേട്ടം

By Web TeamFirst Published Nov 26, 2018, 4:37 PM IST
Highlights

ഐസിസി ട്വന്റി-20 ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍കുതിപ്പുമായി ഇന്ത്യയുടെ കുല്‍ദീപ് യാദവ്. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരക്കുശേഷം പുറത്തുവന്ന റാങ്കിംഗില്‍ 34 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് മൂന്നാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ട്വന്റി-20 ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍കുതിപ്പുമായി ഇന്ത്യയുടെ കുല്‍ദീപ് യാദവ്. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരക്കുശേഷം പുറത്തുവന്ന റാങ്കിംഗില്‍ 34 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് മൂന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയും റാങ്കിംഗില്‍ സമാനമായ മുന്നേറ്റമാണ് നടത്തിയത്. 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സാംപ പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ്.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20യില്‍ കളിയിലെ കേമനായ ക്രുനാല്‍ പാണ്ഡ്യ 66 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 98-ാം സ്ഥാനത്തെത്തി. കുല്‍ദപീപും സാംപയും ആദ്യ പത്തിലെത്തിയതോടെ ബൗളര്‍മാരുടെ ആദ്യ പത്തു റാങ്കുകളില്‍ ഒമ്പതും സ്പിന്നര്‍മാര്‍ കൈയടക്കി. പാക്കിസ്ഥാന്റെ ഫഹീം അഷ്ഫറഫ് മാത്രമാണ് ആദ്യ പത്തിലെ ഏക പേസ് ബൗളര്‍. അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, ഓസ്ട്രേലിയക്കെതിരായ ട്വന്റി-20യില്‍ അവസരം ലഭിക്കാതിരുന്ന ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹല്‍ ഏഴ് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി പതിനൊന്നാം സ്ഥാനത്തായി.  ഭുവനേശ്വര്‍കുമാര്‍ ഇരുപതാമതും ജസ്പ്രീത് ബൂമ്ര 21-ാം സ്ഥാനത്തുമാണ്.

ബാറ്റിംഗ് റാങ്കിഗില്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ശീഖര്‍ ധവാന്‍ 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 11-ാം സ്ഥാനത്തെത്തി. അതേസമയം, കെ എല്‍ രാഹുല്‍ മൂന്ന് സ്ഥാനം താഴോട്ടിറങ്ങി ആറാം സ്ഥാനത്തായപ്പോള്‍ രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതാണ്.

എന്നാല്‍ അവസാന മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ടീമിന്റെ വിജയശില്‍പിയായ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പതിനാലാം സ്ഥാനം നിലനിര്‍ത്തി. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഓസീസിന്റെ ഗ്ലെന്‍ മാക്സ്‌വെല്‍ ഒരുസ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗില്‍ പാക്കിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് ഒന്നാമത്. കോളിന്‍ മണ്‍റോ രണ്ടാം സ്ഥാനത്തുണ്ട്.

click me!