കോലിയെ വീഴ്ത്താന്‍ തന്ത്രങ്ങളുമായി സ്മിത്തും വാര്‍ണറും ഓസീസ് ക്യാമ്പില്‍

By Web TeamFirst Published Nov 26, 2018, 12:57 PM IST
Highlights

ടെസ്റ്റ് പരമ്പരയില്‍ തങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരിക്കുമെന്ന ഓസ്ട്രേലിയക്കറിയാം. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ നാലു സെഞ്ചുറികളുമായി തിളങ്ങിയ കോലിയെ വീഴ്ത്താന്‍ തന്ത്രങ്ങളൊരുക്കുകയാണ് ഓസീസ് ഇപ്പോള്‍.

സിഡ്നി: ടെസ്റ്റ് പരമ്പരയില്‍ തങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരിക്കുമെന്ന ഓസ്ട്രേലിയക്കറിയാം. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ നാലു സെഞ്ചുറികളുമായി തിളങ്ങിയ കോലിയെ ഇത്തവണ വീഴ്ത്താന്‍ തന്ത്രങ്ങളൊരുക്കുകയാണ് ഓസീസ്.

അതിനവരെ സഹായിക്കാന്‍ വരുന്നതാകട്ടെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും. സിഡ്നിയില്‍ നടന്ന അവസാന ട്വന്റി-20 മത്സരത്തില്‍ ഓസീസ് പേസര്‍മാരെ നെറ്റ്സില്‍ നേരിടാന്‍ വാര്‍ണര്‍ എത്തിയിരുന്നു. മത്സരശേഷം ഡ്രസ്സിംഗ് റൂമിലേക്കും വാര്‍ണര്‍ക്ക് ക്ഷണം ലഭിച്ചു.

ഇതിന് പിന്നാലെ കോലിക്കെതിരെ തന്ത്രങ്ങളൊരുക്കാനും പേസ് ബൗളര്‍മാരെ സഹായിക്കാനുമായി മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞു. സ്മിത്തിനും വാര്‍ണര്‍ക്കുമെതിരെ നെറ്റ്സില്‍ പന്തെറിഞ്ഞ് കോലിക്കെതിരായ തന്ത്രങ്ങള്‍ പരീക്ഷിക്കാനാണ് ഓസീസ് ബൗളര്‍മാരുടെ തീരുമാനം.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍രിലൊരാളായ സ്മിത്തിനെതിരെ പന്തെറിയുന്നത് വലിയ അനുഭവമാണെന്ന് പറഞ്ഞ സ്റ്റാര്‍ക്ക് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നും വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് മത്സര ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന സ്മിത്തിനും വാര്‍ണര്‍ക്കും അടുത്തവര്‍ഷം മാര്‍ച്ച് 29നുശേഷമെ രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്താനാവു.

click me!