ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ജയം

By Web DeskFirst Published Jan 22, 2017, 4:21 PM IST
Highlights

കൊല്‍ക്കത്ത: ആവേശം അവസാന പന്തുവരെ നീണ്ട ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യത്തിന് അഞ്ച് റണ്‍സകലെ ഇന്ത്യ പൊരുതി വീണു. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ക്രിസ് വോക്സിന്റെ ആദ്യ പന്തില്‍ സിക്സറടിച്ച കേദാര്‍ ജാദവ് അടുത്ത പന്ത് ബൗണ്ടറി കടത്തി ഇന്ത്യക്ക് ജയപ്രതീക്ഷ നല്‍കി. എന്നാല്‍ മൂന്നും നാലും പന്തുകളില്‍ ജാദവിന് റണ്‍സെടുക്കാനായില്ല. അഞ്ചാം പന്തില്‍ സിക്സറിനുള്ള ശ്രമത്തില്‍ ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കി ജാദവ് മടങ്ങി. അവസാന പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണമെന്നിരിക്കെ ഭുവനേശ്വര്‍കുമാറിന് റണ്ണൊന്നും നേടാനായില്ല. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 321/8, ഇന്ത്യ 50 ഓവറില്‍ 316/9. ഇംഗ്ലണ്ട് ജയിച്ചെങ്കിലും പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് നേടുന്ന ആദ്യ ജയമാണിത്.

പതിവുപോലെ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. ധവാന് പകരം ഇറങ്ങിയ രഹാനെയും(1) തുടക്കത്തിലേ മടങ്ങി. അധികെ വൈകാതെ രാഹുലും(11) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. ചേസ് മാസ്റ്റര്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും യുവരാജും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് ശരിയായ ദിശയിലേക്ക് നയിച്ചു. സ്കോര്‍ 102ല്‍ നില്‍ക്ക് 55 റണ്‍സെടുത്ത കൊഹ്‌ലി മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. യുവരാജ്(45), ധോണി(25) എന്നിവരും വലിയ സംഭാവനകളില്ലാതെ തിരിച്ചെത്തിയതോടെ ഇന്ത്യ പ്രതീക്ഷ കൈവിട്ടതാണ്. പിന്നീടായിരുന്നു ശരിക്കുള്ള കളി. പോരാട്ടം ഏറ്റെടുത്ത ഹര്‍ദ്ദീക് പാണ്ഡ്യയും കേദാര്‍ ജാദവും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിറപ്പിച്ചു.

ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജയം ഉറപ്പിച്ച് മുന്നേറവെയാണ് പാണ്ഡ്യ(55) വീണത്. പിന്നീട് പ്രതീക്ഷ ജാദവില്‍ മാത്രമായി. ആ പ്രതീക്ഷ തെറ്റിക്കാതെ ജാദവ് തകര്‍ത്തടിച്ചു. 90 റണ്‍സെടുത്ത് അവസാന ഓവറില്‍ ജാദവ് പുറത്താവുമ്പോള്‍ ഇന്ത്യന്‍ ജയം ആറു റണ്‍സകലെയായിരുന്നു. തോറ്റെങ്കിലും വിരോചിത പോരാട്ടം കാഴ്ചവെച്ചാണ് ജാദവും പാണ്ഡ്യയും ക്രീസ് വീട്ടത്. ഇംഗ്ലണ്ടിനായി സ്റ്റോക്സ് മൂന്നും ബാള്‍ വോക്സ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആരും സെഞ്ചുറി നേടിയില്ലെങ്കിലും മുന്‍നിര ബാറ്റ്സ്‌മാന്‍മാരുടെ മിന്നുന്ന പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും അര്‍ധസെഞ്ചുറി നേടിയ ജേസണ്‍ റോയ്(56 പന്തില്‍ 65) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്(39 പന്തില്‍ 57 നോട്ടൗട്ട്) എന്നിവരും ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി നേടി.ഇന്ത്യക്കായി ഹര്‍ദ്ദീക് പാണ്ഡ്യ 49 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജഡേജ രണ്ടു വിക്കറ്റെടുത്തു.

 

click me!