ലോറസ് പുരസ്‌കാരം ജോക്കോവിച്ചിനും സിമോണയ്‌ക്കും; ഇന്ത്യന്‍ കായിക കൂട്ടായ്‌മയ്‌ക്കും ആദരം

By Web TeamFirst Published Feb 19, 2019, 8:35 AM IST
Highlights

ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് ആണ് മികച്ച പുരുഷ താരം. ഫുട്ബോൾ താരങ്ങളായ ലൂക്കാ മോഡ്രിച്ചിനേയും കിലിയൻ എംബാപ്പെയെയും മറികടന്നാണ് നേട്ടം. 

കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് ആണ് മികച്ച പുരുഷ താരം. ഫുട്ബോൾ താരങ്ങളായ ലൂക്കാ മോഡ്രിച്ചിനേയും കിലിയൻ എംബാപ്പെയെയും മറികടന്നാണ് നേട്ടം. അമേരിക്കയിൽ നിന്നുള്ള ജിംനാസ്റ്റിക് താരം സിമോൺ ബൈൽസ് മികച്ച വനിത താരമായി. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള പുരസ്കാരം ഇന്ത്യ നേടി.

അവസാന പട്ടികയിൽ ഇടംപിടിച്ചിട്ടും പലകുറി വഴുതിപ്പോയ ലോറസ് പുരസ്കാരം ഇത്തവണ സിമോണ്‍ ബൈൽസിന്‍റെ കയ്യിൽ ഭദ്രമായെത്തി. മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം ഗോൾഫ് താരം ടൈഗർ വുഡ്‌സിനാണ്. പരിക്ക് കാരണം ദീർഘനാൾ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. പിന്നാലെ ഒട്ടേറ വിവാദങ്ങളിലും അകപ്പെട്ടു. എന്നാല്‍, ഒടുവിൽ കരിയറിലെ 80-ാംത് പിജിഎ ടൂ‌ർണമെന്‍റിൽ ചാമ്പ്യനായി സ്വപ്നതുല്യ തിരിച്ചുവരവ് നടത്തിയ ടൈഗർ വുഡ്സിന് അർഹിക്കുന്ന പുരസ്കാരം. തിരിച്ചുവരവിനുള്ള താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഗുസ്തി താരം വിനേഷ് ഫോട്ടും ഇടം പിടിച്ചിരുന്നു.

കരിയറിൽ മികച്ച മുന്നേറ്റം നടത്തിയതിനുള്ളപുരസ്കാരം തേടിയെത്തിയത് ജപ്പാന്‍റെ ടെന്നീസ് റാണി നവോമി ഓസാക്കോയെയാണ്. ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേട്ടം പുരസ്കാര നിർണയത്തിൽ മുതൽക്കൂട്ടായി. 2018 ഫുട്ബോൾ ലോകകപ്പ് നേടിയ ഫ്രഞ്ച് പടയാണ് മികച്ച കായിക ടീം. നീണ്ട കാലം ആഴ്സണലിനെ പരിശീലിപ്പിച്ച ആഴ്സൺ വെങ്ങർക്കാണ് ആജീവാനന്ത കായിക താരത്തിനുള്ള പുരസ്കാരം ലഭിച്ചു.

ജാർഖണ്ഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'യുവ'യാണ് മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറൻസ് പുരസ്കാരം നേടിയത്. 15 വർഷങ്ങൾക്ക് മുന്‍പ് ഇന്ത്യ- പാക് ക്രിക്കറ്റ് ടീമുകൾ ഈ പുരസ്കാരം പങ്കിട്ടിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാക്കളെ തെരെഞ്ഞെടുത്തത്
 

click me!