ചെല്‍സി ഫുട്ബോള്‍ ക്ലബില്‍ ഒരു മലയാളി!

By Web DeskFirst Published Nov 16, 2017, 11:28 AM IST
Highlights

ലോകത്ത് എല്ലായിടത്തും മലയാളികളുണ്ട്. ഫുട്ബോള്‍ പ്രേമികളായ മലയാളികള്‍ ഇഷ്‌ടപ്പെടുന്ന ക്ലബാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സി. മലയാളികള്‍ക്കിടയില്‍ ചെല്‍സിക്ക് ഒരുപാട് ആരാധകരുണ്ട്. അങ്ങനെയുള്ള ചെല്‍സി ഫുട്ബോള്‍ ടീമില്‍ ഒരു മലയാളി ഉണ്ടെങ്കിലോ? എന്നാല്‍ കളിക്കാരനായിട്ടല്ലെന്ന് മാത്രം. ചെല്‍സി ഫുട്ബോള്‍ ടീമിന്റെ വെല്‍നെസ് കണ്‍സള്‍ട്ടന്റ് കൊച്ചിക്കാരനായ വിനയ് മേനോനാണ്. ഫുട്ബോളില്‍ അത്ര വലിയ കമ്പമൊന്നും ഇല്ലാത്തയാളാണ് വിനയ് മേനോ‍ന്‍. ഫിസിക്കല്‍ എജ്യൂക്കേഷനില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ബിരുദവും സ്‌പോര്‍ട്സ് സൈക്കോളജിയില്‍ എംഫിലും യോഗ സ്റ്റഡീസില്‍ പുതുച്ചേരി സര്‍വ്വകലാശാലയില്‍നിന്ന് പിജിയും നേടിയിട്ടുള്ള വിനയ് മേനോന്‍ ഒരു കായികതാരവുമായിരുന്നു. ജൂഡോയില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള വിനയ്‌ സംസ്ഥാനതലത്തില്‍ മെഡലുകളും നേടിയിട്ടുണ്ട്.

ഹിമാലയത്തില്‍വെച്ച് ജീവിതം മാറിമറിഞ്ഞു...

പുതുച്ചേരി സര്‍വ്വകലാശാലയിലെ പഠനത്തിനുശേഷം ഉയരങ്ങളിലേക്കായിരുന്നു വിനയ്‌യുടെ യാത്ര. ഉയരങ്ങളിലേക്കെന്ന് പറഞ്ഞാല്‍ ഹിമാലയത്തിലേക്ക്. റിഷികേശിലെ ഒരു റിസോര്‍ട്ടില്‍ സ്‌പാ മാനേജരായി ജോലിക്ക് ചേര്‍ന്നു. ജോലിക്ക് ചേര്‍ന്ന ദിവസമാണ് വിനയ്‌യുടെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. അതേദിവസം അവിടെ ജോലിക്ക് ചേരാന്‍ വന്ന ഫ്ലോമി മേനോന്‍ എന്ന യുവതിയുടെ ലോക്കല്‍ ഗാര്‍ഡിയനായി, ചില പേപ്പറുകളില്‍ ഒപ്പിട്ടുനല്‍കേണ്ടിവന്നു. അങ്ങനെ അവര്‍ ഇരുപേരും സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയത്തിലും പിന്നീട് വിവാഹത്തിലും എത്തിച്ചേര്‍ന്നു. അങ്ങനെയിരിക്കെയാണ് ദുബായിലെ ഒരു റിസോര്‍ട്ടില്‍ വെല്‍നെസ് മാനേജരായി മികച്ച അവസരം വിനയ്നെ തേടിയെത്തുന്നത്. അങ്ങനെ ഭാര്യയെയും കൂട്ടി ദുബായിലേക്ക് പോയി. അവിടെ ജുമേര ഗ്രൂപ്പ് ഹോട്ടലില്‍ തന്റെ കഴിവ് തെളിയിക്കാന്‍ വിനയ്‌ ആ അവസരം ശരിക്കും വിനിയോഗിച്ചു. വളരെ കുറച്ച് ഉപയോക്താക്കള്‍ മാത്രമുണ്ടായിരുന്ന ആ ഹോട്ടലിലെ യോഗ സെന്ററില്‍ തിരക്കേറി. പ്രശസ്‌തരായവരും അവിടെ യോഗ അഭ്യസിക്കാന്‍ എത്തി. അങ്ങനെയിരിക്കെയാണ് വിനയ്-ഫ്ലോമി ദമ്പതികള്‍ക്ക് ഒരു മകന്‍ ജനിക്കുന്നത്. അഭയ് എന്നാണ് അവന് പേര് നല്‍കിയത്.

റോമന്‍ അബ്രഹാമോവിച്ചിനൊപ്പം...

അഭയ് ജനിച്ച് അധികംവൈകാതെ വിനയ്‌യും കുടുംബവും ലണ്ടനിലേക്ക് താമസം മാറി. 2008 മെയ് 11നാണ് വിനയ്‌യും കുടുംബവും ലണ്ടനിലെത്തുന്നത്. അതായത് ഇംഗ്ലീഷ് ഫുട്ബോളില്‍ ചെല്‍സി കത്തിനില്‍ക്കുന്ന കാലം. ചെല്‍സിക്ക് മല്‍സരമുണ്ടായിരുന്ന ഒരു ദിവസമാണ് ടീം ഉടമയും റഷ്യന്‍ വ്യവസായിയുമായ റോമന്‍ അബ്രഹാമോവിച്ചിനെ കാണാന്‍ വിനയ് മേനോന് അവസരം ലഭിക്കുന്നത്. വെറുതെയായിരുന്നില്ല ആ കൂടിക്കാഴ്‌‌ച. റോമന്‍ അബ്രഹാമോവിച്ചിന്റെ പേഴ്‌സണല്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ലഭിച്ചു. അങ്ങനെ രണ്ടുവര്‍ഷത്തോളം അബ്രഹാമോവിച്ചിന്റെ ആരോഗ്യപരിപാലകനായി വിനയ് ജോലി ചെയ്തു. വ്യവസായി ആയതിനാല്‍, ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നയാളാണ് അബ്രഹാമോവിച്ച്. വിനയ് എപ്പോഴും ഒപ്പമുണ്ടാകുകയും വേണം. എന്നാല്‍ എപ്പോഴും കുടുംബത്തെ പിരിഞ്ഞിരിക്കേണ്ട സങ്കടം വിനയ്, അബ്രഹാമോവിച്ചിനോട് പറഞ്ഞു. ജോലിയില്‍നിന്ന് പറഞ്ഞുവിടുമെന്നാണ് വിനയ് കരുതിയതെങ്കിലും, മറ്റൊരു ഭാരിച്ച ഉത്തരവാദിത്തമാണ് അബ്രഹാമോവിച്ച് അദ്ദേഹത്തെ ഏല്‍പ്പിച്ചത്. ചെല്‍സി ടീമിന്റെ വെല്‍നെസ് കണ്‍സള്‍ട്ടന്റായാണ് വിനയ് മേനോനെ അബ്രഹാമോവിച്ച് നിയമിച്ചത്.

ഭാര്യയ്ക്കൊപ്പം നീലപ്പടയിലേക്ക്...

ഫ്ലോമി മേനോനും ചെല്‍സിയില്‍ ഹെല്‍ത്ത് ക്ലബിന്റെ ഡെപ്യൂട്ടി മാനേജരായി ചുമതലയേറ്റു. അതുവരെ ഫുട്ബോളിനെക്കുറിച്ചും ചെല്‍സിയെക്കുറിച്ചും അധികമറിയാത്ത വിനയ് മേനോന്‍ ലോകപ്രശ്‌സത കാല്‍പ്പന്തുകളി സംഘത്തിനൊപ്പം ചേര്‍ന്നു. ദിദിയര്‍ ദ്രോഗ്ബ, ജോണ്‍ ടെറി, ഫ്രാങ്ക് ലംപാര്‍ഡ് എന്നിവരൊക്കെ തകര്‍ത്തുകളിച്ച സീസണുകള്‍ മുതല്‍ വിനയ്, അവരുടെ ആരോഗ്യസംരക്ഷകനായി ചെല്‍സിയില്‍ ഉണ്ടായിരുന്നു. ഓരോ സീസണിലും ചെല്‍സിയില്‍ വന്നുംപോയുമിരുന്ന ലോകോത്തരതാരങ്ങളുമായി അടുത്ത ബന്ധമായിരുന്നു ഈ മലയാളിക്ക് ഉണ്ടായിരുന്നത്. വിനയ് മേനോന്റെ യോഗപാഠങ്ങള്‍ ചെല്‍സിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നുവെന്ന് കളിക്കാരും പരിശീലകരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാലത്തെ ചെല്‍സിവാസം വിനയ് മേനോനെയും ഒരു ഫുട്ബോള്‍ ആരാധകനാക്കി മാറ്റി.

കേരളത്തിലേക്കും ചെല്‍സി ടച്ച്?

ചെല്‍സി ടച്ച് കേരളത്തിലെ ഫുട്ബോള്‍ വളര്‍ച്ചയ്‌ക്കായി ഉപയോഗിക്കാനാണ് വിനയ് മേനോന്റെ അടുത്ത പദ്ധതി. ഡിസംബറില്‍ കേരളത്തിലേക്ക് വരുന്ന വിനയ് മേനോന്‍, കഴിവുള്ള കുട്ടികളെ കണ്ടെത്തി ഒരു പരിശീലന പരിപാടി ആരംഭിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഒപ്പം ചെല്‍സിയുടെ ഒരു ഫുട്ബോള്‍ അക്കാദമി ഇന്ത്യയില്‍ തുടങ്ങണമെന്നും ആഗ്രഹമുണ്ട്. അത് കേരളത്തിലാണെങ്കില്‍ അത്രയും നല്ലത്. ഇന്ത്യയിലെ ഫുട്ബോളിന് ഒരുപാട് മുതല്‍ക്കൂട്ടാകും അതെന്ന് വിനയ് മേനോന്‍ കണക്കുകൂട്ടുന്നു. അതിനുവേണ്ടത് ഒരു സ്‌പോണ്‍സറാണ്. സ്‌പോണ്‍സറെ കിട്ടിക്കഴിഞ്ഞാല്‍, ചെല്‍സി ഫുട്ബോള്‍ അക്കാദമി ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിനയ് മേനോന്‍.

കടപ്പാട്- ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്

കവര്‍ ചിത്രം- ദ വീക്ക്

click me!