
മാഞ്ചസ്റ്റര്‍: ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളില്‍ മുന്‍പന്തിയിലാണ് സ്ഥാനമെങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബുകള്‍ക്ക് യൂറോപ്യന്‍ വേദിയില്‍ കാലിടറുക പതിവാണ്. ചാമ്പ്യന്‍സ് ലീഗിലും യുറോപ്പയിലുമെല്ലാം ഇംഗ്ലീഷ് ക്ലബ്ബുകള്‍ വീണു പോകുന്നത് ഈ സീസണില്‍ കണ്ടു. അവസാനമായി ചാമ്പ്യന്‍സ് ലീഗില്‍ കിരീടമുയര്‍ത്തിയ ഇംഗ്ലീഷ് ടീം ചെല്‍സിയാണ്.
അതിന് ശേഷം ഇപ്പോള്‍ ആറു സീസണുകള്‍ പിന്നിട്ടു. യൂറോപ്പ ലീഗിലും 2013ല്‍ ചെല്‍സി വിജയം കണ്ടതില്‍ പിന്നെ ഇംഗ്ലീഷ് ക്ലബ്ബുകള്‍ കിരീടം കണ്ടിട്ടില്ല. റയല്‍ മാഡ്രിഡിന്‍റെയും ബാഴ്സലോണയുടെയും സെവിയ്യയുടെയും മികവില്‍ സ്പാനിഷ് ലീഗാണ് യൂറോപ്യന്‍ വേദിയില്‍ തിളങ്ങി നില്‍ക്കുന്നത്. എന്നാല്‍, ലോകകപ്പിനായി ഫുട്ബോള്‍ ലോകം ഒരുങ്ങുമ്പോള്‍ സ്വപ്ന സമാനമായ ഒരു നേട്ടം പേരിലെഴുതി ചേര്‍ത്തിരിക്കുകയാണ് നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി.
ഗാര്‍ഡിയോളയുടെ നീലപ്പടയില്‍ നിന്ന് 16 താരങ്ങളാണ് ഇത്തവണ റഷ്യയില്‍ വിവിധ രാജ്യങ്ങള്‍ക്കായി ബൂട്ടണിഞ്ഞ് എത്തുക. ലിറോയ് സാനെ ജര്‍മന്‍ ടീമില്‍ ഉള്‍പ്പെടാതിരുന്നപ്പോഴാണ് സിറ്റിയുടെ ഈ മികച്ച നേട്ടം. ഇംഗ്ലണ്ടിനും ബ്രസീലിനുമായി നാലു താരങ്ങളാണ് സിറ്റിയില്‍ നിന്നു കളിക്കുക. കെയ്ല്‍ വാല്‍ക്കര്‍, റഹീം സ്റ്റെര്‍ലിംഗ്, ജോണ്‍ സ്റ്റോണ്‍സ്, ഫാബിയന്‍ ഡെല്‍ഫ് എന്നിവര്‍ ഇംഗ്ലണ്ടിനായി ഇറങ്ങുമ്പോള്‍ ഫെര്‍ണാണ്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ്, എഡേഴ്സണ്‍, ഡാനിലോ എന്നിവരെ മഞ്ഞക്കുപ്പായത്തില്‍ കാണാം.
ബെല്‍ജിയത്തിനായി വിന്‍സെന്‍റ് കോമ്പാനിയും കെവിന്‍ ഡി ബ്രുയിനെയും ഇറങ്ങുമ്പോള്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയും സെര്‍ജിയോ അഗ്വേറോയുമാണ് അര്‍ജന്‍റീനയുടെ പോരാളികളാവുക. ജര്‍മനിയുടെ ഇല്‍കെയ് ഗുണ്‍ഡോഗന്‍, പോര്‍ച്ചുഗലിന്‍റെ ബെര്‍നാര്‍ഡോ സില്‍വ, സ്പെയിന്‍റെ ഡേവിഡ് സില്‍വ, ഫ്രാന്‍സിന്‍റെ ബെഞ്ചബിന്‍ മെന്‍ഡി എന്നിവരാണ് ലോകകപ്പില്‍ കളിക്കാന്‍ തയാറെടുക്കുന്ന മറ്റു മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍. സിറ്റിക്കു പിന്നില്‍ 15 താരങ്ങള്‍ ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടിയ റയല്‍ മാഡ്രിഡ്, 14 താരങ്ങളുള്ള ബാഴ്സലോണയും ചെല്‍സിയും, 12 താരങ്ങളുള്ള പിഎസ്ജിയും ടോട്ടനവുമാണ് റഷ്യയില്‍ പന്തുരുളുമ്പോള്‍ നേട്ടം കൊയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!