ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മഷ്റഫി മൊര്‍ത്താസ

By Web TeamFirst Published Nov 13, 2018, 11:21 AM IST
Highlights

ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ബംഗ്ലദേശ് ഏകദിന ടീം നായകന്‍ മഷ്‌റഫി മൊര്‍ത്താസ. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായിട്ടായിരിക്കും മൊര്‍ത്താസ മത്സരിക്കുക.

ധാക്ക: ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ബംഗ്ലദേശ് ഏകദിന ടീം നായകന്‍ മഷ്‌റഫി മൊര്‍ത്താസ. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായിട്ടായിരിക്കും മൊര്‍ത്താസ മത്സരിക്കുക.

മൊര്‍ത്താസയും പ്രധാനമന്ത്രി ഷേഖ് ഹസീനയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ പ്രധാന പത്രങ്ങളുടെയെല്ലാം മുന്‍പേജില്‍ വന്നതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ഇതിന് പിന്നാലെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൊര്‍ത്താസക്ക് അനുമതി ലഭിച്ചതായി പ്രധാനമന്ത്രിയുടെ വക്താവും വ്യക്തമാക്കി. ഡിസംബര്‍ 30നാണ് ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ്. ഭരണത്തില്‍ തുടര്‍ച്ചയായ മൂന്നാം ഊഴം തേടിയാണ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് ഇത്തവണ മത്സരിക്കുന്നത്.

അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ 35കാരനായ മൊര്‍ത്താസ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊര്‍ത്താസ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി. ബംഗ്ലാദേശിനായി 199 ഏകദിനങ്ങള്‍ കളിച്ച മൊര്‍ത്താസ 252 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 65 ടെസ്റ്റുകളും മൊര്‍ത്താസ ബംഗ്ലാദേശിനായി കളിച്ചു.

click me!