ലോക ഫുട്ബോളര്‍ പുരസ്കാരം: മെസിയും റൊണാള്‍ഡോയും വീണ്ടും നേര്‍ക്കുനേര്‍

By Web DeskFirst Published Aug 18, 2017, 1:33 PM IST
Highlights

മാഡ്രിഡ്: കഴിഞ്ഞ  വര്‍ഷത്തെ മികച്ച ലോക ഫുട്ബോളര്‍ പുരസ്കാരത്തിനുള്ള  ചുരുക്കപ്പട്ടിക ഫിഫ പുറത്തുവിട്ടു. 24 കളിക്കാരാണ് ഫിഫ ദ് ബെസ്റ്റ്  പുരസ്കാരത്തിനായി മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം ഏഴ് റയൽ മാഡ്രിഡ്  താരങ്ങള്‍ പട്ടികയിലുണ്ട്.

റൊണാള്‍ഡോക്ക് തന്നെയാണ് ഇക്കുറിയും മേൽക്കൈ. മെസ്സി, നെയ്മര്‍, സുവാരസ്, ബഫൺ എന്നിവരും പട്ടികയിലുണ്ട്. റയല്‍ കോച്ച് സിദാന്‍ അടക്കമുള്ളവരാണ് മികച്ച പരിശീലകനുള്ള പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നത്. ഒക്ടോബര്‍ 23ന് പുരസ്കാരം പ്രഖ്യാപിക്കും . മറ‍ഡോണയും പുരസ്കാരനിര്‍ണയ സമിതിയൽ ഉണ്ട്.

ലയണല്‍ മെസിയുടെ സര്‍വാധിപത്യം അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് 2016ലെ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. നാലുതവണ ഫിഫ പുരസ്കാരം സ്വന്തമാക്കിയ റൊണാള്‍ഡോ ഇത്തവണയും പുരസ്കാരം നേടുകയാണെങ്കില്‍ അഞ്ചു തവണ ഫിഫ ലോക ഫുട്ബോളറായിട്ടുളള ലയണല്‍ മെസിയുടെ റെക്കോര്‍ഡിനൊപ്പമെത്താനാകും.

ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ് കിരീടം റയലിന് നേടിക്കൊടുത്ത മികവ് റൊണാള്‍ഡോയെ ഇത്തവണ തുണയ്ക്കുമെന്നാണ് വിലയിരുത്തല്‍. കിരീടങ്ങളൊന്നുമില്ലെങ്കിലും സ്പാനിഷ് ലീഗിലെ ടോപ് സ്കോറര്‍ എന്ന നേട്ടമാണ് മെസിക്ക് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ ബാഴ്സയ്ക്കായി കരിയറില്‍ 500 ഗോള്‍ എന്ന നേട്ടവും മെസി സ്വന്തമാക്കിയിരുന്നു.

click me!