ചരിത്രം കുറിച്ച മെസിയുടെ ഗോള്‍

By Gopala krishnanFirst Published Jun 21, 2016, 5:29 PM IST
Highlights

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക സെമിഫൈനലില്‍ അമേരിക്കയ്ക്കെതിരെ അര്‍ജന്റീന ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുമ്പോഴാണ് 32-ാം മിനിട്ടില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി അമേരിക്കയുടെ ബോക്സിന് പുറത്ത് ആ ഫ്രീ കിക്ക് ലഭിക്കുന്നത്. ആര് കിക്കെടുക്കുമെന്ന കാര്യത്തില്‍ അര്‍ജന്റീന നിരയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലായിരുന്നു. എന്നാല്‍ മെസി ഉയര്‍ത്തിവിടുന്ന പന്തില്‍ ആരു ഗോളടിക്കുമെന്നൊരു മത്സരം അപ്പോള്‍ ബോക്സിനകത്ത് നടക്കുന്നുണ്ടായിരുന്നു.

മെസിയുടെ കിക്ക് തലപ്പാകത്തിലെത്തുമെന്ന് കരുതി കാത്തുനിന്ന സഹതാരങ്ങളെയും അത്തരമൊരു ഷോട്ട് തടുക്കാനായി മനസൊരുക്കിയ അമേരിക്കന്‍ പ്രതിരോധനിരയെയും ഗോള്‍ കീപ്പര്‍ ഗുസാനെയുമെല്ലാം ഒരുപോലെ കബളിപ്പിച്ച് മെസി ഇടം കാല്‍ കൊണ്ട് തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലിയിലേക്ക് പറന്നിറങ്ങിയപ്പോള്‍ അമ്പരന്നത് അമേരിക്ക മാത്രമല്ല ഫുട്ബോള്‍ ലോകം തന്നെയായിരുന്നു. മെസിയുടെ പ്രതിഭയെ അമേരിയ്ക്കയ്ക്കൊപ്പം ഫുട്ബോള്‍ ലോകവും നമിച്ച നിമിഷം. ഈ ഗോളോടെ അര്‍ജന്റീനയ്ക്കായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും മെസിയുടെ ബൂട്ടുകള്‍ക്ക് സ്വന്തമായി.

ദേശീയ ടീമില്‍ കളിക്കുമ്പോള്‍ തിളങ്ങുന്നില്ലെന്ന വിമര്‍ശനങ്ങളെയെല്ലാം ഡ്രിബ്ബിള്‍ ചെയ്ത് മുന്നേറിയാണ് ഇത്തവണ മെസി അര്‍ജന്റീനയ്ക്കായി ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറുന്നത്. ഇനിയൊരു കടമ്പ കൂടി അര്‍ജന്റീനയ്ക്ക് മുന്നില്‍. ചിലിയോ കൊളംബിയയോ. ആരായാലും അത് കൂടി മറികടന്നാലെ രണ്ടു പതിറ്റാണ്ടിന്റെ ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിടാന്‍ മെസിക്കും സംഘത്തിനും കഴിയൂ.

click me!