കോപ്പ അമേരിക്ക: സമനില തെറ്റാതെ വെനസ്വേലയും മെക്‌സിക്കോയും ക്വാര്‍ട്ടറില്‍

By Web DeskFirst Published Jun 14, 2016, 4:17 AM IST
Highlights

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലെ വെനസ്വേല-മെക്‌സിക്കോ മത്സരം സമനിലയില്‍. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. ഗ്രൂപ്പ് സിയിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മെക്‌സിക്കോയും വെനസ്വേലയും ഏഴു പോയിന്റുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയ മെക്‌സിക്കോയാണ് ഗ്രൂപ്പ് ജേതാക്കള്‍. ഇതോടെ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടേണ്ടിവരുമെന്ന ഭീഷണി മെക്സിക്കോ മറികടന്നു.

മത്സരത്തിന്റെ പത്താം മിനിറ്റില്‍ വെലസ്‌ക്വെസ് റോഡ്രിഗസിന്റെ ഗോളില്‍ വെനസ്വേലയാണ് ആദ്യം മുന്നിലെത്തിയത്. ബോക്സിനകത്തേക്ക് വളഞ്ഞുവന്ന ഫ്രീ കിക്കില്‍ നിന്ന് ബൈസിക്കിള്‍ കിക്കിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു വെലസ്‌ക്വെസ് നേടിയ ഗോള്‍. ഒരു ഗോള്‍ ലീഡ് നിലനിര്‍ത്തിയ വെനസ്വേല എണ്‍പതാം മിനിട്ട് വരെ അട്ടിമറി പ്രതീക്ഷ ഉണര്‍ത്തി.എന്നാല്‍ എണ്‍പതാം മിനിട്ടില്‍ മെക്സിക്കോയുടെ രക്ഷകനായി ജീസസ് കൊറോണ അവതരിച്ചു.

80-ാം മിനിറ്റില്‍ നാലു പ്രതിരോധനിരക്കാര്‍ തീര്‍ത്ത ചക്രവ്യൂഹത്തെയും ഭേദിച്ച് കൊറോണ ഗോളിലേക്ക് തൊടുത്ത ഷോട്ടിന് ഒരു മെസി ടച്ചുണ്ടായിരുന്നു. സമനില ഗോള്‍ കണ്ടെത്തിയതോടെ അന്ത്യനിമിഷങ്ങളില്‍ മെക്സിക്ക ആക്രമണം കനപ്പിച്ചു. അവസാന മിനിറ്റുകളില്‍ ഇരു ടീമും വിജയഗോളിനായി പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

 

click me!