എത്ര കുട്ടികള്‍ വേണം; ക്രിക്കറ്റ് ടീമിന് വേണ്ടത്രയെന്ന് ക്ലാര്‍ക്ക്

By Web DeskFirst Published Jan 20, 2018, 5:23 PM IST
Highlights

സിഡ്നി: ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ബാറ്റിംഗിനും ഫീല്‍ഡിംഗിനും പുറമെ പാര്‍ട്ട്ടൈം സ്‌പിന്നറായും ക്ലാര്‍ക്ക് തിളങ്ങി. ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ് വിരമിച്ചപ്പോള്‍ ടീം മാനേജ്മെന്‍റ് ക്ലാര്‍ക്കിനെ നായകനാക്കി. 2015 ലോകകപ്പ് വിജയത്തോടെ സജീവ ക്രിക്കറ്റിനോട് വിടപറഞ്ഞ ക്ലാര്‍ക്കിപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചിലവിടുകയാണ്.

2012ലായിരുന്നു ബിസിനസുകാരിയും മോഡലുമായ കെയ്‌ലി ബോള്‍ഡിയുമായുള്ള ക്ലാര്‍ക്കിന്‍റെ വിവാഹം. എന്നാല്‍ എത്ര കുട്ടികള്‍ വേണമെന്ന ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍. തനിക്ക് കൂട്ടികളുടെ ഒരു ക്രിക്കറ്റ് ടീം(11) വേണമെന്നായിരുന്നു ക്ലാര്‍ക്കിന്‍റെ സരസമായ മറുപടി. ഡെയ്‌സി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ക്ലാര്‍ക്ക് ആഗ്രഹം വെളിപ്പെടുത്തിയത്. 

എന്നാല്‍ തന്‍റെ ആഗ്രഹം പോലെയായിരിക്കില്ല ഭാര്യ കെയ്‌ലിയുടെ കാഴ്ച്ചപ്പാടെന്നും ക്ലാര്‍ക്ക് പറഞ്ഞു. ഭാര്യയ്ക്കും ഏക മകള്‍ കെസ്‌ലി ലീയ്ക്കുമൊപ്പം വിശ്രമ ജീവിതം ആസ്വദിക്കുകയാണ് ക്ലാര്‍ക്കിപ്പോള്‍. എല്ലാ സമയവും താന്‍ അരികത്തുണ്ടാവാന്‍ കെസ്‌ലി ആഗ്രഹിക്കുന്നതായി ക്ലാര്‍ക്ക് പറയുന്നു. ലോകത്തെ മികച്ച പാചകക്കാരി തന്‍റെ ഭാര്യയാണെന്ന് പറയുന്ന ക്ലാര്‍ക്ക് റസ്റ്റോറന്‍റില്‍ പോയി അപൂര്‍വ്വമായേ ഭക്ഷണം കഴിക്കാറുള്ളൂവെന്നും വ്യക്തമാക്കി.
 

click me!