റാഞ്ചിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് നിലവാരത്തെ വിമർശിച്ച് ദിനേശ് കാർത്തിക്. വലിയ ടൂർണമെന്റുകൾ ജയിക്കാൻ ഫീൽഡിംഗ് മെച്ചപ്പെടുത്തിയേ മതിയാകൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
റാഞ്ചി: വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ടീം ഫീല്‍ഡിംഗ് നിലവാരം ഉയര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് മുന്നറിയിപ്പ് നല്‍കി. സമീപകാലത്തെ വിജയങ്ങള്‍ക്കിടയിലും ടീമിന്റെ ഫീല്‍ഡിംഗില്‍ പ്രകടമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2027ലെ ഏകദിന ലോകകപ്പ് അടുത്തിരിക്കെ, നിസാര പിഴവുകള്‍ പോലും തിരിച്ചടിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്ക് മുന്നില്‍ ഇനി അധികം സമയമില്ല.
റാഞ്ചിയില്‍ നടന്ന രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ ആറ് വിക്കറ്റിന് തോറ്റതിന് പിന്നാലെ ക്രിക്ബസിലൂടെയാണ് കാര്‍ത്തിക് ടീമിന്റെ ഫീല്‍ഡിംഗ് നിലവാരത്തെ ചോദ്യം ചെയ്തത്. സഞ്ജു സാംസണിന്റെ (41 പന്തില്‍ 82) മിന്നും പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ 249/5 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കിലും 9 പന്തുകള്‍ ബാക്കിനില്‍ക്കെ വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യം മറികടന്നു. ഷായ് ഹോപ്പ് (45 പന്തില്‍ പുറത്താകാതെ 102), ഷെഫാനെ റൂഥര്‍ഫോര്‍ഡ് (37 പന്തില്‍ 84) എന്നിവരുടെ പ്രകടനമാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 1-1ന് ഒപ്പമെത്തിച്ചത്.
കാര്‍ത്തികിന്റെ വാക്കുകള്‍... ''249 റണ്‍സ് അടിച്ചെടുത്തിട്ടും അതൊരു കടുത്ത മത്സരമാകുമെന്ന് ചിന്തിക്കേണ്ടി വരുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നമ്മള്‍ നമ്മളിലേക്ക് തന്നെ തിരിഞ്ഞുനോക്കേണ്ടതുണ്ട്. കുറച്ചുകാലമായി ഫീല്‍ഡിംഗ് ഒരു വലിയ പ്രശ്‌നമാണ്. ഏകദിന പരമ്പരയും ഏഷ്യന്‍ ഗെയിംസും ജയിച്ചതുകൊണ്ട് മാത്രമാണ് ഈ വീഴ്ച ശ്രദ്ധിക്കപ്പെടാതെ പോയത്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പോലും നമ്മുടെ ഫീല്‍ഡിംഗ് മോശമായിരുന്നു. ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലും അങ്ങനെ തന്നെ. അതുകൊണ്ട് ഇതൊരു വലിയ വിഷയം തന്നെയാണ്.'' കാര്‍ത്തിക് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു.. ''മുന്‍ ഫീല്‍ഡിംഗ് കോച്ചിനെ ഒഴിവാക്കാന്‍ കാരണം, ടീമിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല എന്ന് തോന്നിയിട്ടാകാം. പുതുതായി ചുമതലയേറ്റ ഫീല്‍ഡിംഗ് കോച്ച് ശുഭദീപ് ഘോഷ് ഇനി കടുത്ത നിരീക്ഷണത്തിലായിരിക്കും. മുമ്പത്തേക്കാള്‍ നന്നായി ടീം ഇന്ത്യ ഫീല്‍ഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. അതിന് സാധിച്ചില്ലെങ്കില്‍ അദ്ദേഹം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് മേഖലകളില്‍ ടീം തിളങ്ങുന്നുണ്ടെങ്കിലും, ഫീല്‍ഡിംഗ് നിലവാരത്തിലുണ്ടായ തകര്‍ച്ച ഇനി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് ദിനേശ് കാര്‍ത്തിക് വിശ്വസിക്കുന്നു. ''കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം തീര്‍ച്ചയായും താഴേക്ക് പോയിട്ടുണ്ട്. വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കണമെങ്കില്‍ അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായതിനാല്‍ ടീമിന് നിലവാരം ഉയര്‍ത്തിയേ മതിയാകൂ.'' അദ്ദേഹം പറഞ്ഞു.

