പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ കലാപം; ടീമില്‍ നിന്ന് തഴയുന്നതിനെതിരെ ആഞ്ഞടിച്ച് പേസര്‍

By Web TeamFirst Published Feb 9, 2019, 8:08 PM IST
Highlights

2011ലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ആസിഫിനെയും ബട്ടിനെയും ആമിറിനെയും വിലക്കിയിരുന്നു. എന്നാല്‍ വിലക്കിന് ശേഷം ആമിര്‍ ദേശീയ ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ ആസിഫിന് അവസരം ലഭിച്ചില്ല.

ലാഹോര്‍: ദേശീയ ടീമിലേക്ക് തന്നെ പരിഗണിക്കാത്തതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് പേസര്‍ മുഹമ്മദ് ആസിഫ്. 2011ലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ആസിഫിനെയും സല്‍മാന്‍ ബട്ടിനെയും മുഹമ്മദ് ആമിറിനെയും വിലക്കിയിരുന്നു. എന്നാല്‍ വിലക്കിന് ശേഷം ആമിറിനെ ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോഴും ആസിഫിനെ പാക് ബോര്‍ഡ് തഴയുകയായിരുന്നു.

കഴിഞ്ഞ ആഭ്യന്തര സീസണില്‍ താന്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു. ഏഴ് മത്സരങ്ങളില്‍ നിന്ന് 45 വിക്കറ്റ് വീഴ്‌ത്തി. എന്നാല്‍ തന്നെ ആരും ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചില്ല. സെലക്‌ടര്‍മാര്‍ തന്നെ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഒരാള്‍ക്ക് അവസരം നല്‍കുന്നുണ്ടെങ്കില്‍ മറ്റൊരാളും അതിന് അര്‍ഹരാണ്. ആമിറിന് അവസരം നല്‍കിയത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെയും സെലക്‌ടര്‍മാരുടെയും ഇരട്ടത്താപ്പണെന്നും ആസിഫ് തുറന്നടിച്ചു. ആസിഫടക്കമുള്ള താരങ്ങളുടെ വിലക്ക് 2015ല്‍ ഐസിസി പിന്‍വലിച്ചിരുന്നു. ഇതോടെ ആമിര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയപ്പോള്‍ ആസിഫിനും ബട്ടിനും ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമാണ് അവസരം ലഭിച്ചത്. 

click me!