
അബുദാബി: പാക്കിസ്ഥാന്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന്‍റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും സംശയത്തിന്‍റെ നിഴലില്‍. അബുദാബിയില്‍ ആദ്യ ഏകദിനത്തിനിടെ ന്യൂസീലാന്‍ഡ് താരം റോസ് ടെയ്‌ലറാണ് ഹഫീസിന്‍റെ ആക്ഷനെ കുറിച്ച് സംശയം പ്രകടിപ്പിച്ചത്. മത്സരത്തില്‍ ഹഫീസിന്‍റെ ആദ്യ ഓവറിനിടെ ടെയ്‌ലര്‍ അംപയറെ ഇക്കാര്യം ധരിപ്പിച്ചിരുന്നു. മുന്‍പ് മൂന്ന് തവണ(2014, 2015, 2017) വര്‍ഷങ്ങളില്‍ ഷഫീസിനെ നിയമവിരുദ്ധമായ ആക്ഷന് ഐസിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ന്യൂസീലാന്‍ഡ് താരത്തിന്‍റെ പരാതിക്ക് പിന്നാലെ അംപയര്‍മാരായ ഷൊസാബ് റാസയും ജോയല്‍ വില്‍സണും ടെയ്‌ലറുമായി സംസാരിച്ചിരുന്നു. അവസാന നാല് വര്‍ഷങ്ങളില്‍ മൂന്ന് തവണ ഐസിസിയുടെ നടപടി നേരിട്ട താരത്തെ പുതിയ സംഭവം പ്രതിരോധത്തിലാക്കും.
2005ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ആദ്യമായി ഹഫീസിന്‍റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2014ല്‍ ചാമ്പ്യന്‍സ് ലീഗ് ടി20യ്ക്കിടയിലും ഇതേവര്‍ഷം നവംബറില്‍ അബുദാബിയില്‍ ന്യൂസീലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വിലക്ക് നേരിട്ടു. 2015 ഏപ്രിലില്‍ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്തിയപ്പോഴും ആക്ഷന്‍ വിവാദമായി. രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഒരു വിലക്കുമുള്ളതിനാല്‍ താരത്തിന് ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവന്നു.
ആക്ഷന്‍ പരിശോധനയില്‍ വിജയിച്ച് 2016ല്‍ തിരിച്ചെത്തിയെങ്കിലും 2017 ഒക്‌ടോബറില്‍ വീണ്ടും വിലക്ക് നേരിട്ടു. എന്നാല്‍ 2018 ഏപ്രിലില്‍ ഹഫീസിന് ഐസിസിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാന്‍ കുപ്പായത്തില്‍ മടങ്ങിയെത്തിപ്പോഴും ഹഫീസ് പ്രതിരോധത്തിലാവുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!