നാലാം നമ്പറില്‍ സര്‍പ്രൈസ് താരം; അസറുദീന്‍റെ ലോകകപ്പ് പ്ലെയിംഗ് ഇലവന്‍ അമ്പരപ്പിക്കുന്നത്

By Web TeamFirst Published Feb 16, 2019, 2:58 PM IST
Highlights

നാലാം നമ്പറില്‍ ആരെയിറക്കും എന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ ചുറ്റിപ്പറ്റി കുറച്ച് നാളുകളായുള്ള പ്രധാന ചര്‍ച്ചയാണ്. ഈ സ്ഥാനത്തേക്ക് ഒരു യുവതാരത്തിന്‍റെ പേരാണ് മുന്‍ ഇന്ത്യന്‍ നായകന്‍ നിര്‍ദേശിക്കുന്നത്. 
 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നാലാം നമ്പറില്‍ ആര് ബാറ്റിംഗിനിറങ്ങും. ഇന്ത്യന്‍ ക്രിക്കറ്റിനെ ചുറ്റിപ്പറ്റി കുറച്ച് നാളുകളായുള്ള പ്രധാന ചര്‍ച്ചയാണിത്. അമ്പാട്ടി റായുഡു മുതല്‍ എം എസ് ധോണി വരെ ഈ സ്ഥാനത്തേക്ക് പല പേരുകളും പറഞ്ഞുകേട്ടു. ഏകദിന ലോകകപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ ഒരു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ചൂടുപിടിച്ച നാലാം നമ്പര്‍ ചര്‍ച്ചയ്ക്ക് ഒരു ഉത്തരം കണ്ടെത്തിയിരിക്കുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദീന്‍. 

അസറിന്‍റെ ലോകകപ്പ് പ്ലെയിംഗ് ഇലവനിങ്ങനെ. എല്ലാ ക്രിക്കറ്റ് വിദഗ്‌ധരെയും അമ്പരപ്പിച്ച് യുവതാരം ഋഷഭ് പന്തിനെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന് അസറുദീന്‍ വ്യക്തമാക്കി. ഇടംകൈയന്‍ ബാറ്റ്സ്‌മാനായ പന്തിന്‍റെ അക്രമണോത്സുകതയാണ് അസറിനെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. പന്തിനെ ഓപ്പണറായി പരിഗണിക്കണമെന്ന ചര്‍ച്ച നടക്കുമ്പോഴാണ് അസറിന്‍റെ ഈ മാജിക്. മറ്റ് ബാറ്റിംഗ് പൊസിഷനുകളില്‍ കാര്യമായ മാറ്റം അസര്‍ നിര്‍ദേശിക്കുന്നില്ല.

അസറിന്‍റെ ടീമില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തന്നെയാണ് ഓപ്പണര്‍മാര്‍. നായകന്‍ വിരാട് കോലിയാണ് തന്‍റെ പതിവ് ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പറില്‍. ഋഷഭ് പന്ത്, എം എസ് ധോണി കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് മധ്യനിരയില്‍. ഫോമിലുള്ള ജസ്‌പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, എന്നിവരാണ് പേസര്‍മാര്‍. സ്‌പിന്നറായി കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരിലൊരാള്‍ അന്തിമ ഇലവനിലെത്തുമെന്നും അസര്‍ പറഞ്ഞു. 

സീനിയര്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ലോകകപ്പ് പ്ലെയിംഗ് ഇലവനില്‍ സ്ഥാനംപിടിക്കാന്‍ സാധ്യതയില്ലെന്നും മുന്‍ നായകന്‍ പറയുന്നു. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. 

click me!