ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി; വിരമിക്കല്‍ സൂചന നല്‍കി മോണി മോര്‍ക്കല്‍

By Jomit JFirst Published Jul 21, 2017, 5:55 PM IST
Highlights

ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കലിന്‍റ തീ തുപ്പുന്ന പന്തുകള്‍ ആരാധകര്‍ക്ക് ഇനി അധിക നാള്‍ കാണാനാവില്ല. കരിയറിന്‍റെ അവസാന നാളുകളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് മോണി മോര്‍ക്കല്‍ വ്യക്തമാക്കി. 2019 ലോകകപ്പില്‍ കളിക്കാന്‍ കഴിയുന്ന കാര്യം സംശയമാണെന്നും അതിനാല്‍ കരിയറിലെ അവസാന നാളുകള്‍ ആസ്വദിക്കയാണെന്നും മോര്‍ക്കല്‍ ക്രിക് ഇന്‍ഫോയ്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

പരിക്കുകള്‍ വലയ്ക്കുന്നതിനാല്‍ എപ്പോള്‍ വിരമിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മോര്‍ക്കല്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മോര്‍ക്കല്‍ സൂചിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത് ഞാന്‍ വളരെയിഷ്ടപ്പെടുന്നു. എന്നാല്‍ 2019 ലോകകപ്പ് കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. സീനിയര്‍ താരമെന്ന നിലയില്‍ മെച്ചപ്പെട്ട പ്രകടനം കണ്ടെത്താന്‍ യുവതാരങ്ങളെ സഹായിക്കുകയാണ് ഇപ്പോള്‍ താനെന്നും ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം നാട്ടില്‍ തിരികെയെത്തി ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മോര്‍ക്കല്‍ പറഞ്ഞു. ശാരീരികമായും മാനസികമായും ഞാന്‍ കരുത്തനാണ്. എന്നാല്‍ ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ട്. അതിനാല്‍ സെലക്ടേഴ്‍സ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും മോര്‍ക്കല്‍ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി മോര്‍ക്കല്‍ അധികം മല്‍സരങ്ങള്‍ കളിച്ചിരുന്നില്ല.

യുവതാരങ്ങളായ കഗിസോ റബാഡയും ആനഡിലെ ഫെഹ്ലുക്വായും നല്ല രീതിയില്‍ പന്തെറിയുന്നുണ്ട്. അതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നും മോര്‍ക്കല്‍ വിലയിരുത്തി. മോര്‍ക്കലിനൊപ്പം ഓള്‍ റൗണ്ടര്‍മാരായ വെയ്ന്‍ പാര്‍നലും ക്രിസ് മോറിസുമാണ് ദക്ഷിണാഫ്രിക്കക്കയുടെ പേസ് ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നത്. ശരീരത്തിന് കൂടുതല്‍ വിശഅരമം നല്‍കുന്നതിന്റെ ഭാഗമായി വരുന്ന ഐപിഎല്‍, കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നും മോര്‍ക്കല്‍ വിട്ടുനില്‍ക്കും. നാട്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പത്തോളം ടെസ്റ്റ് മത്സരങ്ങളില്‍ ശ്രദ്ധ കൊടുക്കാനാണ് താരം ലക്ഷ്യമിടുന്നത്. എന്നാല്‍ ദക്ഷിഫ്രിക്കന്‍ പ്രീമിയര്‍ ലീഗ് വന്നാല്‍ ഉറപ്പായും കളിക്കുമെന്നും മോര്‍ക്കല്‍ സ്ഥിരീകരിച്ചു.

വളരെ വേഗം കരിയര്‍ മാറുമെന്ന് തനിക്കറിയാം, ഞാന്‍ കരിയര്‍ ആരംഭിക്കുകയല്ല അവസാനിപ്പിക്കുകയാണ്. അതിനാല്‍ ഞാനത് ആസ്വദിക്കുകയാണെന്നും മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. ഡെയ്ല്‍ സ്റ്റെയിന്‍ പരിക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ ഏറെനാളായി മോര്‍ക്കലായിരുന്നു ദക്ഷിണാഫ്രിക്കന്‍ പേസ് അറ്റാക്കിന്‍റെ കുന്തമുന. ലോകത്തിലെ ഏറ്റവും വേഗമേറിയ പേസര്‍മാരില്‍ ഒരാളായ മോണി മോര്‍ക്കല്‍ അവശ്യസമയങ്ങളില്‍ ബാറ്റുകൊണ്ടും ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.

click me!